Asianet News MalayalamAsianet News Malayalam

മാണി അധിക സീറ്റ് ചോദിച്ചു; പിസി ജോര്‍ജിന്‍റെ അപേക്ഷ പോലും പരിഗണിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനം

ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട യുഡിഎഫ് യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍. കേരള കോൺഗ്രസ് (എം) ഒരു സീറ്റ് കൂടി അധികം ചോദിച്ചു. 

udf meeting decisions
Author
Kerala, First Published Jan 17, 2019, 5:56 PM IST

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട യുഡിഎഫ് യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍. യോഗത്തില്‍ കേരള കോൺഗ്രസ് (എം) ഒരു സീറ്റ് കൂടി അധികം ചോദിച്ചു. ആവശ്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നു പിജെ ജോസഫ് യോഗത്തില്‍ വ്യക്തമാക്കി. ഇടുക്കി സീറ്റ് വേണമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. പിസി ജോർജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടെന്നും യോഗത്തിൽ ധാരണയായി. മുസ്ലിം ലീഗന്‍റെയും കേരളാ കോണ്‍ഗ്രസിന്‍റെയും എതിര്‍പ്പ് പരിഗണിച്ചാണിത്. ഇതോടെ പിസി ജോര്‍ജിന്‍റെ മുന്നണി പ്രവേശന നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി.

സീറ്റ് വിഭജനത്തില്‍ ഘടക കക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്താന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു.  തിരഞ്ഞെടുപ്പ് സ്ഥാനാർഥികളെ നിർണയിക്കുക ജില്ലാ കോൺഗ്രസ് കമ്മിറ്റികളുമായി ആലോചിച്ചായിരിക്കും. വീരേന്ദ്രകുമാറിനു ഒപ്പം പോകാത്ത ജനതാദൾ വിഭാഗത്തെ യുഡിഎഫിന്റെ പ്രത്യേക ക്ഷണിതാക്കൾ ആക്കും. കൂടുതൽ പാർട്ടികളെ മുന്നണിയുമായി സഹകരിപ്പിക്കുന്നതിന് ബെന്നി ബഹനാൻ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. കാരാട്ട് റസാഖിന്റെ വിജയം റദ്ദാക്കിയ നടപടി സ്വാഗതാർഹമാണെന്നും യോഗം വിലയിരുത്തി.  

നിലവില്‍ ആകെയുള്ള 20 സീറ്റില്‍  17 സീറ്റില്‍ കോണ്‍ഗ്രസും രണ്ട് സീറ്റില്‍ മുസ്ലീംലീഗും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത് ഈ അനുപാതത്തില്‍ മാറ്റം വരുമോ എന്നുള്ളതായിരുന്നു ഇന്നത്തെ യോഗത്തെ സംബന്ധിച്ച പ്രസക്തമായ ചോദ്യം. കേരളാ കോണ്‍ഗ്രസ് അധിക സീറ്റ് ചോദിച്ചതിനപ്പുറം ലീഗിന്‍റെ നീക്കങ്ങള്‍ വ്യക്തമായിട്ടില്ല. യോഗത്തില്‍ ലീഗ് അധിക സീറ്റ് ആവശ്യപ്പെട്ടില്ല.
 

Follow Us:
Download App:
  • android
  • ios