തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിദേശയാത്രയുടെ കാര്യത്തില്‍ മുന്നില്‍ ‍ഡോ. എം കെ മുനീര്‍. 32 തവണയാണ് മുനീര്‍ വിദേശത്തുപോയത്. ഒരു തവണ പോലും വിദേശയാത്ര നടത്താത്ത മന്ത്രിയും കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്നു. മുന്‍ മന്ത്രിമാരുടെ വിദേശയാത്രയെ കുറിച്ച് നെന്മാറ എംഎല്‍എ കെ ബാബുവാണ് നിയമസഭയില്‍ ചോദ്യമുന്നയിച്ചത്. ഉത്തരം ഇങ്ങനെ. ഏറ്റവും കൂടുതല്‍ വിദേശത്തു പോയത് ഡോ. എം കെ മുനീര്‍. 32 തവണ. ഇതില്‍ 27ഉം സ്വകാര്യ ആവശ്യങ്ങള്‍ക്കായിരുന്നു.

27 തവണ വിദേശത്തുപോയ ഷിബു ബേബി ജോണ്‍ തൊട്ടുപിന്നിലുണ്ട്. സ്വകാര്യ യാത്രകള്‍ 15. പി കെ കുഞ്ഞാലിക്കുട്ടി 25 വിദേശയാത്രയുമായി മൂന്നാമതാണ്. ഇതില്‍ 18 തവണ പോയതും സ്വകാര്യ ആവശ്യങ്ങള്‍ക്ക്. എ പി അനില്‍കുമാര്‍ 21 വട്ടവും കെ സി ജോസഫ്, ഇരുപത് തവണയും വിദേശത്തു പോയി. ഗള്‍ഫ് രാജ്യങ്ങളാണ് മിക്കവരുടേയും പ്രധാന ആകര്‍ഷണം.

അമേരിക്കയും ചൈനയും ബ്രിട്ടനും തുടങ്ങി ഹോങ്കോങ്ങ്, മലേഷ്യ വരെ പട്ടിക നീളുന്നു. നേപ്പാളില്‍ പോയത് ഒരേഒരാള്‍, പി കെ ജയലക്ഷ്മി. ഇനി ഒരു തവണ പോലും വിദേശയാത്ര നടത്താത്ത മന്ത്രിയുമുണ്ടായിരുന്നു കഴിഞ്ഞ മന്ത്രിസഭയില്‍യ സി എന്‍ ബാലകൃഷ്ണനാണ് ഈ നേട്ടത്തിന് ഉടമ.എന്നാല്‍ യാത്രകള്‍ക്കായി ചെലവാക്കിയ പണത്തെ കുറിച്ച് ആരും ചോദിക്കാത്തതിനാല്‍, ഉത്തരവും ഉണ്ടായില്ല.