ആലപ്പുഴ: സര്‍ക്കാര്‍ ഭൂമി കയ്യേറിയ മന്ത്രി തോമസ് ചാണ്ടിക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി യു.ഡി.എഫ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 5 ന് യുഡിഎഫ് രാപ്പകല്‍ സമരം നടത്തും. ആലപ്പുഴയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് സമരപ്രഖ്യാപനം നടത്തിയത്.

യുഡിഎഫ് ഒറ്റക്കെട്ടായി മന്ത്രിയുടെ രാജിക്കായി ശക്തമായ സമരത്തിനൊരുങ്ങുകയാണ്. ഒക്ടോബര്‍ അഞ്ചിന് തുടങ്ങി അടുത്ത ദിവസം രാവിലെ വരെയാണ് രാപ്പകല്‍ സമരം. സമരപ്രഖ്യാപന കണ്‍വെന്‍ഷനും പൊതുസമ്മേളനവും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

മന്ത്രി തോമസ്ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്ന കളക്ടര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമ്മുണ്ടെന്ന് പറഞ്ഞ ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് ആക്രമിച്ച പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധവും രേഖപ്പെടുത്തി.