വനിതാമതിലിനും അയ്യപ്പജ്യോതിക്കും ബദലായി യുഡിഎഫ് ഇന്ന് വനിതാ സംഗമം സംഘടിപ്പിക്കും.

തിരുവനന്തപുരം: വനിതാമതിലിനും അയ്യപ്പജ്യോതിക്കും ബദലായി യുഡിഎഫ് ഇന്ന് വനിതാ സംഗമം സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും മൂന്ന് മണിക്കാണ് പരിപാടി. സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംഗമം ഉദ്ഘാടനം ചെയ്യും.

വിവിധ ജില്ലകളിൽ നേതാക്കൾ നേതൃത്വം നൽകും. ശബരിമലയുടെ പേരിൽ സിപിഎമ്മും ബിജെപിയും നടത്തുന്ന പ്രചാരണത്തിനെതിരെയാണ് യുഡിഎഫിന്‍റെ മതേതര വനിതാ സംഗമമെന്ന് വനിതാ ഏകോപനസമിതി ചെയർമാൻ ലതികാ സുഭാഷ് അറിയിച്ചു. 

ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ പ്രതിപക്ഷം വലിയ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും മതേതര വാദികളായ ആരും മതിലിൽ പങ്കെടുക്കില്ല എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വനിതാമതിലിന് സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. വനിതാ മതിലിന്‍റെ പേരില്‍ നിർബന്ധിത പിരിവും ഭീഷണിയും വ്യാപകമായി നടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.