സഹകരണ മേഖലയുടെ പ്രതിസന്ധിയില്‍ ഇന്ന് വൈകുന്നേരം സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തിലേക്കുള്ള അഭിപ്രായ രൂപീകരണത്തിനായാണ് ഇന്ന് രാവിലെ കന്റോണ്‍മെന്റ് ഹൗസില്‍ യു.ഡി.എഫ് യോഗം ചേര്‍ന്നത്. സര്‍ക്കാറുമായി യോജിച്ചുള്ള പ്രക്ഷോഭത്തിന് തയ്യാറാണെന്ന നിലപാടാണ് യോഗത്തില്‍ ഭൂരിപക്ഷം നേതാക്കളും സ്വീകരിച്ചത്. എന്നാല്‍ ഈ യോഗത്തിലും യോജിച്ചുള്ള പ്രക്ഷോഭം വേണ്ടെന്ന നിലപാടാണ് സുധീരന്‍ തീരുമാനിച്ചത്. യോഗം കഴിഞ്ഞ് പുറത്തുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എല്‍.ഡി.എഫുമായി യോജിച്ചുള്ള പ്രക്ഷോഭത്തിന് യു.ഡി.എഫ് തീരുമാനിച്ചെന്ന് അറിയിച്ചു. ഇന്ന് വൈകുന്നേരം സര്‍വകക്ഷി സംഘം ദില്ലിക്ക് പോകുമെന്നും അതില്‍ തീരുമാനമായില്ലെങ്കില്‍ ശക്തമായി പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യോജിച്ച് സമരം നടത്താനില്ലെന്ന സുധീരന്റെ പ്രസ്താവനയെ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും എതിര്‍ത്തു.
ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കെ.പി.സി.സി പ്രസിഡന്റ്, ഈ വിഷയത്തില്‍ യോജിച്ച് പ്രക്ഷോഭത്തിനില്ലെന്നാണ് യു.ഡി.എഫ് നിലപാടെന്നാണ് വിശദീകരിച്ചത്. തന്റെ നിലപാട് ആരും എതിര്‍ത്തിട്ടില്ലെന്നും ചെന്നിത്തലയുടെ വാക്കുകള്‍ അദ്ദേഹം തന്നെ വിശദീകരിക്കട്ടെയെന്നും സുധീരന്‍ പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ സുധീരനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ വാര്‍ത്താസമ്മേളനം നടത്തി. നിര്‍ണായക തീരുമാനം എടുക്കുന്നതിന് മുമ്പ് ഉന്നതാധികാര സമിതി വിളിക്കണമെന്ന പാര്‍ട്ടി തീരുമാനം വി.എം. സുധീരന്‍ ലംഘിച്ചുവെന്ന് കെ. മുരളീധരന്‍ പറഞ്ഞു. നേതാക്കള്‍ക്ക് അഭിപ്രായം പറയാനുള്ള വേദി നഷ്‌ടപ്പെടുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു. സഹകരണ പ്രക്ഷോഭങ്ങളില്‍ യു.ഡി.എഫിന്റെ യഥാര്‍ത്ഥ നിലപാട് എന്താണെന്ന് ഇനിയും വ്യക്തമായിട്ടുമില്ല.
