കസ്തൂരിരംഗൻ വിഷയത്തിലെ മലയോരമേഖലയുടെ രോഷമാണ് ഉറച്ച കോട്ടയായ ഇടുക്കിയിൽ യുഡിഎഫിനെ കഴിഞ്ഞ തവണ അടിതെറ്റിച്ചത്. കസ്തൂരിരംഗൻ റിപ്പോർട്ടിനായി വാദിച്ച പി ടി തോമസിന് പകരം ഡീൻ കുര്യാക്കോസിനെ സ്ഥാനാർത്ഥിയാക്കിയെങ്കിലും തോൽവി ഒഴിവാക്കാനായില്ല

ഇടുക്കി: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായ കസ്തൂരിരംഗൻ വിഷയം ഇത്തവണ പ്രധാന പ്രചാരണ ആയുധമാക്കുകയാണ് ഇടുക്കിയിൽ യുഡിഎഫ്. റിപ്പോർട്ടിലെ നിയമ ഭേദഗതി ഉമ്മൻചാണ്ടിയുടെ നേട്ടമായി ഉയർത്തിക്കാട്ടാനാണ് യുഡിഎഫ് നീക്കം. അതേസമയം പാർലമെന്‍റിലെ തന്‍റെ നിരന്തര ഇടപെടലിന്‍റെ ഫലമാണ് ഭേദഗതിയെന്നാണ് ഇടുക്കി എംപി ജോയ്സ് ജോ‍‍ര്‍ജിന്റെ വാദം.

കസ്തൂരിരംഗൻ വിഷയത്തിലെ മലയോരമേഖലയുടെ രോഷമാണ് ഉറച്ച കോട്ടയായ ഇടുക്കിയിൽ യുഡിഎഫിനെ കഴിഞ്ഞ തവണ അടിതെറ്റിച്ചത്. കസ്തൂരിരംഗൻ റിപ്പോർട്ടിനായി വാദിച്ച പി ടി തോമസിന് പകരം ഡീൻ കുര്യാക്കോസിനെ സ്ഥാനാർത്ഥിയാക്കിയെങ്കിലും തോൽവി ഒഴിവാക്കാനായില്ല. എന്നാൽ ഇത്തവണ കസ്തൂരി രംഗൻ വിഷയം ഉയർത്തി അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് യുഡിഎഫ് ശ്രമം.

പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ജോയ്സ് ജോർജ് ജനങ്ങളെ വഞ്ചിച്ചെന്നും കോൺഗ്രസ് ആരോപിക്കുന്നു. പാർലമെന്‍റിലെ തന്‍റെ നിരന്തര ഇടപെടലിന്‍റെ ഫലമാണ് ഭേദഗതിയെന്നാണ് ഇടുക്കി ജോയ്സ് ജോർജിന്റെ മറുപടി.