ലണ്ടൻ: നാല്​ പതിറ്റാണ്ട്​ മുമ്പ്​ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച മുൻ അധ്യാപകൻ കുറ്റവാളിയെന്ന്​ കണ്ട്​ ശിക്ഷ വിധിച്ചു. ലണ്ടനിലെ മുൻ നിര ക​ത്തോലിക്ക സ്​കൂൾ ആയ സെന്‍റ്​ ബെനഡിക്​ട്​ സ്​കൂളിലെ മുൻ അധ്യാപകനായ ആൻഡ്രൂ സോപ്പർ (74) ആണ്​ ശിക്ഷിക്കപ്പെട്ടത്​.

വിചാരണ നടപടികളിൽ നിന്ന്​ രക്ഷപ്പെടാനായി ഇദ്ദേഹം 2011ൽ കൊസോവയിലേക്ക്​ രക്ഷപ്പെട്ടിരുന്നു. എന്നാൽ 2016ൽ ഇദ്ദേഹത്തെ അവിടെ നിന്ന്​ പിടികൂടി കൈമാറുകയായിരുന്നു. 1970കളിലും 80കളിലുമായി പത്ത്​ വിദ്യാർഥികൾക്കെതിരായ ലൈംഗിക അതിക്രമത്തിനാണ്​ കേസ്​. സോപ്പറിനെതിരെ ചുമത്തിയ കുറ്റങ്ങൾ ശരിയെന്ന്​ കണ്ടെത്തിയ ന്യായാധിപർ അദ്ദേഹത്തെ പത്ത്​ വർഷത്തെ ജയിൽ ശിക്ഷക്ക്​ വിധിച്ചു.

വടി ഉപയോഗിച്ച്​ കുട്ടികളുടെ ലൈംഗിക ഭാഗങ്ങളിൽ ഇയാൾ പീഡിപ്പിച്ചതിന്​ പ്രോസിക്യൂഷൻ തെളിവ്​ നൽകിയിരുന്നു. സ്​കൂൾ അധികൃതർ സംഭവത്തിൽ നിർവ്യാജം ​ഖേദം രേഖപ്പെടുത്തുകയും ചെയ്​തിരുന്നു. അധ്യാപകൻ എന്ന നിലയിലും പുരോഹിതൻ എന്ന നിലയിലും തന്‍റെ പദവിയെ ലൈംഗിക താൽപര്യത്തിനായി ദുരുപയോഗം ചെയ്​തുവെന്ന്​ വിധിന്യായത്തിലും പറയുന്നു. വിദ്യാർഥികളെ വിവസ്​ത്രനാക്കിയാണ്​ ഇയാൾ പീഡിപ്പിച്ചിരുന്നതെന്ന്​ പൊലീസ്​ അധികൃതരും പറയുന്നു.