ലണ്ടന്‍: സെന്‍സസ് ഫോമിലെ സെക്സ് എന്ന കോളം നീക്കം ചെയ്യുന്നു. പുതിയ തീരുമാനവുമായി ബ്രിട്ടന്‍. ഇതോടെ ഫോമില്‍ നിന്ന് സെക്സ് എന്ന കോളം നീക്കം ചെയ്യുന്ന ലോകത്തിലെ ആദ്യ രാജ്യമാകുകയാണ് ബ്രിട്ടന്‍.

2021 ല്‍ നടക്കുന്ന സെന്‍സസില്‍ ചോദ്യം ഉള്‍പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് ഭിന്നലിംഗക്കാരെ ഉള്‍ക്കൊള്ളില്ല എന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങള്‍ രൂപപ്പെട്ടു. തുടര്‍ന്ന് ചോദ്യം ഉള്‍പെടുത്തേണ്ട എന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ചോദ്യം ഒഴിവാക്കുമ്പോഴും ചില പ്രതിസന്ധികള്‍ ഇവര്‍ക്ക് മുന്നിലുണ്ട്. രാജ്യത്ത് എത്ര സ്ത്രീ, പുരുഷന്‍മാരുണ്ട് എന്ന വ്യക്തമായ കണക്ക് ഇനി മുതല്‍ ലഭ്യമാകില്ല.

ഭിന്നലിംഗക്കാരെ പ്രതിസന്ധിയിലാക്കുന്ന ചോദ്യമാണ് നിലവിലുള്ളത് എന്നത് കഴിഞ്ഞ മാസം ദേശീയ സ്ഥിതിവിവരണ ഓഫീസ് വ്യക്തമാക്കിയിരുന്നു. കാരണം സ്ത്രീ, പുരുഷന്‍ എന്ന രണ്ട് വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്ന് ഇവര്‍ തെരഞ്ഞെടുക്കേണ്ടി വരും. സ്ത്രീ, പുരുഷന്‍ എന്നതിനോടൊപ്പം 'മറ്റുള്ളവര്‍' എന്നൊരു കോളത്തെ കുറിച്ച് ചിന്തിച്ചിരുന്നു എങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു.