ഉക്രെയ്നില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് സ്വകാര്യ ഏജന്‍സി തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി മലയാളി വിദ്യാര്‍ത്ഥികള്‍. പണം നല്‍കിയിട്ടും പ്രവേശനം ലഭിച്ചില്ലെന്നും കൊടുംതണുപ്പില്‍ ദുരിതം അനുഭവിക്കുകയാണെന്നും വീഡിയോ സന്ദേശത്തില്‍ വിദ്യാര്‍ഥികള്‍ പറയുന്നു.

കുറഞ്ഞ ചിലവില്‍ എംബിബിഎസ് ബിരുദമെന്ന വാഗ്ദാനം വിശ്വസിച്ച് ഉക്രെയ്നിലെത്തിയ നാല്‍പ്പതോളം വിദ്യാര്‍ത്ഥികളാണ് തട്ടിപ്പിനെക്കുറിച്ച് വിവരിക്കുന്നത്. രണ്ടു സ്വകാര്യ ഏജന്‍സികള്‍ വഴി ഒക്ടോബറിലാണ് എല്ലാവരും ഉക്രെയ്നിലെത്തിയത്. അഞ്ചു ലക്ഷം രൂപ ചെലവില്‍ കീവ് യൂണിവേഴ്സിറ്റിയില്‍ എംബിബിഎസ് പഠനമെന്നായിരുന്നു ഏജന്‍സിയുടെ വാഗ്ദാനം. അഡ്മിഷന്‍ ഇനത്തില്‍ രണ്ടു ലക്ഷവും ഫീസിനത്തില്‍ ഒരു ലക്ഷവും നല്‍കി ഉക്രെയ്നിലെത്തിയപ്പോള്‍ സീറ്റില്ലെന്നായിരുന്നു മറുപടി.

കീവ് യൂണിവേഴ്സിറ്റിയില്‍ സീറ്റില്ലാത്ത സാഹചര്യത്തില്‍ മറ്റൊരു യൂണിവേഴ്സിറ്റിയില്‍ ഏജന്‍സി അഡ്മിഷന്‍ ഉറപ്പുനല്‍കി. രണ്ടു മാസം കഴിഞ്ഞിട്ടും അനിശ്ചിതാവസ്ഥ തുടരുകയാണ്. എന്നാല്‍ 25കുട്ടികളുടെ അഡ്മിഷന്‍ ശരിയായെന്നും ഫീസ് നല്‍കാത്തവരുടെ കാര്യത്തില്‍ മാത്രമാണ് നടപടികള്‍ ബാക്കിയുളളതെന്നും ഏജന്‍സി അധികൃതര്‍ അറിയിച്ചു.