പദ്ധതി പൂർണ്ണമായും വിജയിച്ചില്ലെങ്കിലും ദിശാബോധം നൽകുന്ന പദ്ധതിയാണെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പി എച്ച് കുര്യന് മറുപടി നല്‍കി മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ശ്രദ്ധേയ പരിപാടിയാണ്. പദ്ധതി പൂർണ്ണമായും വിജയിച്ചില്ലെങ്കിലും ദിശാബോധം നൽകുന്ന പദ്ധതിയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ശുദ്ധ തട്ടിപ്പെന്നായിരുന്നു റവന്യു സെക്രട്ടറി പി എച്ച് കുര്യന്‍റെ വിമര്‍ശനം. 

അതേസമയം കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറിനെയും പിഎച്ച് കുര്യന്‍ വിമര്‍ശിച്ചിരുന്നു. കുട്ടനാട്ടിൽ നെൽകൃഷി നഷ്ടമാണെന്നും ഇവിടെ നെൽകൃഷി വർധിപ്പിക്കുന്നത് കൃഷിമന്ത്രിക്ക് മോക്ഷം നേടുന്ന പോലെയാണെന്നുമായിരുന്നു പി.എച്ച.കുര്യന്റെ പ്രസ്താവന. കൃഷി മൂലമാണ് കുട്ടനാട്ടിൽ വെള്ളം പൊങ്ങിയത്. കൃഷിയ്ക്കല്ല ടൂറിസം മേഖലയ്ക്കാണെ് ഇവിടെ സാധ്യതയെന്നും പി എച്ച് കുര്യൻ പറഞ്ഞു. ഇതിനെതിരെയാണ് കൃഷിമന്ത്രി ഇന്ന് രംഗത്തെത്തിയത്.

തന്നെയും സർക്കാരിനെയും പരസ്യമായി വിമർശിച്ച അഡീ.ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്റെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽക്കുമാർ പ്രതികരിച്ചു. പി.എച്ച്.കുര്യൻ അച്ചടക്കം ലംഘിച്ചു. കൃഷി വ്യാപിപ്പിക്കുന്നത് മോക്ഷം നേടാനാണോയെന്ന ചോദ്യം അംഗീകാരമായി കാണുന്നുവെന്നും സുനിൽകുമാർ തൃശ്ശൂരിൽ പറഞ്ഞു.

തനിക്ക് കൃഷിയിലാണ് താൽപര്യം. ഓരോരുത്തരും അവരവരുടെ താൽപര്യത്തിനനുസരിച്ചാണ് കാര്യങ്ങളെ കാണുന്നത്. കൃഷി വ്യാപിപ്പിക്കുന്നത് മോക്ഷം നേടാനാണോയെന്ന ചോദ്യം അംഗീകാരമായി കാണുന്നുവെന്നും മന്ത്രി പറഞ്ഞു.അഡീഷണൽ ചീഫ് സെക്രട്ടറിയുടേത് അച്ചടക്ക ലംഘനമാമെന്ന് സിപിഐ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയിരിക്കുന്ന സാഹചര്യത്തിൽ ഒരു മുതിർന്ന ഇദ്യേഗസ്ഥനിൽ നിന്ന് മന്ത്രിക്കെതിരെ പ്രതികരണമുണ്ടായത് സർക്കാരിനെ അലേസരപ്പെടുത്തിയിട്ടുണ്ട്.