ജിദ്ദ: കഴിഞ്ഞ സീസണില്‍ ഉംറ നിര്‍വഹിക്കാനെത്തിയ ആയിരക്കണക്കിന് വിദേശ തീര്‍ഥാടകര്‍ അനധികൃതമായി സൗദിയില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്‌. പാകിസ്ഥാനില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലും. കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ ഉംറ തീര്‍ഥാടകര്‍ എത്തിയതും പാകിസ്ഥാനില്‍ നിന്നാണ്. ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്.

കഴിഞ്ഞ ഉംറ സീസണില്‍ സൗദിയിലെത്തിയ വിദേശ തീര്‍ഥാടകരില്‍ പലരും വിസാ കാലാവധിക്കുള്ളില്‍ നാട്ടിലേക്ക് മടങ്ങിയിട്ടില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ചു കൊണ്ട് അല്‍ ഹയാത്ത് അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെ നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന തീര്‍ഥാടകരില്‍ കൂടുതലും പാകിസ്ഥാനികളാണ്. പാകിസ്ഥാനില്‍ നിന്നെത്തിയ 1,453,440 തീര്‍ഥാടകരില്‍ 6,905 പേര്‍ മടങ്ങിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. നൈജീരിയയില്‍ നിന്നുള്ള 1,629 തീര്‍ഥാടകരും, ഈജിപ്തില്‍ നിന്നുള്ള 1,081 തീര്‍ഥാടകരും ഇന്തോനേഷ്യ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 592 തീര്‍ഥാടകര്‍ വീതം പേരും ഇങ്ങനെ അനധികൃതമായി സൗദിയില്‍ തങ്ങി. 

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് പാകിസ്ഥാനില്‍ നിന്നും പിന്നീട് ഇന്തോനേഷ്യയില്‍ നിന്നുമാണ്. 876,246 തീര്‍ഥാടകര്‍ ഇന്തോനേഷ്യയില്‍ നിന്നും ഉംറ നിര്‍വഹിക്കാനെത്തി. മൂന്നാം സ്ഥാനത്തുള്ള ഈജിപ്തില്‍ നിന്നും 608,561 പേര്‍ ഉംറ നിര്‍വഹിച്ചു. ഇന്ത്യയാണ് നാലാം സ്ഥാനത്ത്. 525,278 തീര്‍ഥാടകര്‍ കഴിഞ്ഞ സീസണില്‍ ഇന്ത്യയില്‍ നിന്നും ഉംറ നിര്‍വഹിച്ചു. 440,398 തീര്‍ഥാടകര്‍ ഉള്ള തുര്‍ക്കിയാണ് അഞ്ചാം സ്ഥാനത്ത്. അനധികൃതമായി സൗദിയില്‍ കഴിയുന്ന തീര്‍ഥാടകരുടെ കൂട്ടത്തില്‍ ഇന്ത്യക്കാര്‍ ഉള്ളതായി റിപ്പോര്‍ട്ടിലില്ല. 

ഈ വര്‍ഷം മുതല്‍ ഉംറ സീസണ്‍ 300 ദിവസമായി വര്‍ധിക്കും. ഹജ്ജ് സീസണായ രണ്ട് മാസമൊഴികെ ബാക്കി പത്ത് മാസവും ഉംറ സീസണ്‍ണായിരിക്കും. ഇത് വഴി വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണവും ഈ മേഖലയിലെ ജോലി സാധ്യതയും വര്‍ധിക്കും. കൂടുതല്‍ ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കാനും ആലോചനയുണ്ട്.