ഉപരോധം തുടരുന്ന സാഹചര്യത്തിൽ ഖത്തറിൽ നിന്നുള്ള തീർത്ഥാടകർക്ക് ഉംറ കർമം നിർവഹിക്കുന്നതിന് തടസ്സം നേരിട്ടേക്കുമെന്ന് റിപ്പോർട്ട്. ഖത്തറിൽ സൗദി അറേബ്യയുടെ എംബസിയോ കൗൺസിലേറ്റോ പ്രവർത്തിക്കാത്തതിനാൽ ഉംറ വിസ അടിക്കാൻ കഴിയാത്തതാണ് കാരണം.

ഖത്തറിൽ താമസിക്കുന്ന വിദേശികൾക്ക് ഹജ്ജ് - ഉംറ സേവന കന്പനികൾ മുഖേനയാണ് നേരത്തെ ഉംറ വിസ അനുവദിച്ചിരുന്നത്. എന്നാൽ സൗദി സഖ്യരാജ്യങ്ങൾ ഖത്തറിന് ഏർപ്പെടുത്തിയ ഉപരോധം അഞ്ചു മാസം പിന്നിട്ടപ്പോൾ രാജ്യത്തെ ഇത്തരം സേവന കേന്ദ്രങ്ങളിൽ ഭൂരിഭാഗവും അടഞ്ഞു കിടക്കുകയാണ്. ഉപരോധം പെട്ടെന്ന് അവസാനിക്കുമെന്ന പ്രതീക്ഷ തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിലും പ്രശ്നങ്ങൾ സങ്കീർണമായതോടെ ആ പ്രതീക്ഷയും അവസാനിച്ചിരിക്കുകയാണ്.

ഉംറ വിസകൾ ലഭിക്കാത്തതിനാൽ വാടകയും ജീവനക്കാരുടെ വേതനവും നൽകാൻ കഴിയാത്തതിനാലാണ് മിക്ക സ്ഥാപനങ്ങളും അടച്ചുപൂട്ടിയത്. രാഷ്ട്രീയ പ്രതിസന്ധികൾ നിലനിൽക്കുന്പോൾ മറ്റേതെങ്കിലും എംബസികളുമായി ചേർന്ന് പകരം സംവിധാനം ഏർപ്പെടുത്തുന്ന പതിവുണ്ടെങ്കിലും ഇത്തവണ സൗദി അധികൃതരിൽ നിന്ന് അത്തരം നീക്കങ്ങളും ഇതുവരെയായി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ഖത്തറിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് ഉംറ കർമം നിർവഹിക്കണമെങ്കിൽ സ്വന്തം നാട്ടിൽ പോയി ഉംറ വിസ സംഘടിപ്പിച്ച ശേഷം മാത്രമെ സൗദിയിലേക്ക് യാത്ര ചെയാൻ കഴിയൂ.ഇക്കഴിഞ്ഞ ഹജ്ജ് കർമത്തിന് ഖത്തറിൽ നിന്നുള്ള തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന ഖത്തറിന്റെ പരാതി ആഗോളതലത്തിൽ ചർച്ച ചെയപ്പെട്ടിരുന്നു.