രണ്ടാം വയസിൽ കാമറൂണിൽ നിന്ന് ഫ്രാൻസിലേക്ക് പറന്നതാണ് ഉംറ്റിറ്റി

സെയ്ന്‍റ് പീറ്റേര്‍സ്ബര്‍ഗ്: ഉംറ്റിറ്റിയുടെ വിജയഗോൾ ചരിത്രത്തിന്‍റെ ആവർത്തനംകൂടിയാണ്. വീണ്ടുമൊരിക്കൽ കൂടി ഫൈനലിലെത്തുമ്പോൾ ഫ്രാൻസിലെ കുടിയേറ്റ ജനതയ്ക്കും അഭിമാനിക്കാനേറെയുണ്ട്. 

1998ല്‍ പ്രതിരോധതാരത്തിന്‍റെ ഇരട്ടപ്രഹരം അടയാളപ്പെടുത്തിയ സെമിയും കടന്ന് കപ്പെടുത്തു സിദാനും ദശാംസുമെല്ലാം അടങ്ങിയ മഴവിൽ സംഘം. ഗ്രീസ്മാനും കൂട്ടരും ബെൽജിയത്തിനായി ഇറങ്ങും മുൻപേ കൊച്ചു മഴവിൽ സംഘമെന്ന് വിളിച്ചു തുടങ്ങിയിരുന്നു ആരാധകർ. താരതമ്യം സാധൂകരിക്കുവിധം
ചരിത്രം ഒരിക്കൽ കൂടെ ആവർത്തിച്ചു ഉംറ്റിറ്റിയുടെ പേരില്‍.

പ്രതിരോധതാരം ഒരിക്കൽ കൂടെ ഫൈനലിലേക്ക് നയിച്ചു ഫ്രാൻസിനെ. തുറാമിന്‍റെ ഗോളിൽ വെസ്റ്റിന്റീസുകാർ അഭിമാനിച്ചെങ്കിൽ ഇത്തവണ ആനന്ദം കാമറൂണുകാർക്ക്. രണ്ടാം വയസിൽ കാമറൂണിൽ നിന്ന് ഫ്രാൻസിലേക്ക് പറന്നതാണ് ഉംറ്റിറ്റി. കാൽപന്തിൽ കുടിയേറ്റജനത എന്നും ശക്തിതെളിയിച്ച ഫ്രഞ്ച് മണ്ണിൽ ഉംറ്റിറ്റിയും കളിച്ചു വളർന്നു. മികവ് ബാഴ്സലോണ വരെയെത്തിയപ്പോൾ താരത്തെ തിരികെയെത്തിക്കാൻ കാമറൂൺ ഇതിഹാസം റോജർ മില്ല വരെ നേരിട്ടെത്തി. 

എല്ലാ പ്രലോഭനങ്ങളും വേണ്ടെന്ന് വച്ചു ഉംറ്റിറ്റി. ഫ്രാൻസിനായി മാത്രം കളിക്കുന്നതും കാത്തിരിക്കാനായിരുന്നു തീരുമാനം. 2016 യൂറോകപ്പിൽ ഫ്രഞ്ച് കുപ്പായത്തിൽ ആദ്യ അവസരം.ആദ്യ മത്സരത്തിൽ നൽകിയ 77 പാസും ലക്ഷ്യം കണ്ടപ്പോൾ എല്ലാവരും ഞെട്ടി. ജർമനിക്കെതിരായ സെമി മറക്കുന്നതെങ്ങനെ. ജർമൻ പ്രതിരോധത്തെ മണിചിത്രത്താഴിട്ട് പൂട്ടി ഉംറ്റിറ്റി ലോകകപ്പിലും കുതിപ്പ് തുടരുകയാണ്. സെമിയിൽ ആവർത്തിച്ച ചരിത്രം ഫ്രഞ്ച് ജനതയെ കൊതിപ്പിക്കുന്നുണ്ടാവും, 2006 ദുരന്തത്തെ അവർക്ക് മായ്ച്ചുകളയേണ്ടതുണ്ട്.