വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി രഹസ്യ ബന്ധമുണ്ടെന്ന പ്രചാരണങ്ങളെ തള്ളി ഐക്യരാഷ്‌ട്ര സംഘടനയിലെ യു.എസ് പ്രതിനിധി നിക്കി ഹാലെ. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നിന്ദ്യവും വെറുപ്പുളവാക്കുന്നതുമാണെന്ന് നിക്കി ഹാലെ പ്രതികരിച്ചു. യാതൊരു സത്യവുമില്ലാത്ത കാര്യമാണിതെന്നും അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്ദ്യോഗിക വിമാനത്തില്‍ ഒരു തവണ മാത്രമാണ് താന്‍ കയറിയിട്ടുള്ളതെന്നും അന്ന് അവിടെ ഒരുപാട് പേര്‍ ഒപ്പമുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.

മൈക്കല്‍ വോള്‍ഫ് തന്റെ ‘ഫയര്‍ ആന്‍ഡ് ഫ്യൂരി’യെന്ന പുസ്തകത്തിലൂടെയാണ് നിക്കി ഹാലെയ്‌ക്കു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ചത്. പ്രസിഡന്റിന്റെ ഔദ്ദ്യോഗിക വിമാനത്തില്‍വെച്ചും ഓഫീസില്‍ വെച്ചു കുടിക്കാഴ്ചകള്‍ നടന്നിട്ടുണ്ടെന്നും വോള്‍ഫ് തന്റെ പുസ്തകത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ പ്രസിഡന്റിനൊപ്പം ഒരിക്കല്‍ പോലും ഒറ്റയ്ക്ക് സമയം ചിലവഴിച്ചിട്ടില്ലെന്ന് നിക്കി പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ ആദ്യമായല്ല തനിക്ക് നേരിടേണ്ടിവരുന്നത്. അസംബ്ലിയില്‍ അംഗമായിരുന്നപ്പോഴും ഗവര്‍ണര്‍ ആയിരുന്നപ്പോഴും ഇത്തരം കാര്യങ്ങള്‍ നേരിട്ടിട്ടുണ്ട്. ട്രംപുമായി രാഷ്‌ട്രീയ ഭാവിയെക്കുറിച്ചു ഒരു വാക്കുപോലും സംസാരിച്ചിട്ടില്ല. ഇതിനെയൊന്നും വകവെയ്ക്കുന്നില്ലെന്നും ശക്തമായിത്തന്നെ മുന്നോട്ടുപോകുമെന്നുമാണ് നിക്കി ഹാലെ ഒരു മാധ്യമത്തോട് പ്രതികരിച്ചത്.