യെമനില്‍ 13 മാസമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍, വിമതരും സര്‍ക്കാര്‍ പ്രതിനിധികളും ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിലാണ് അനുരഞ്ജന ചര്‍ച്ച നടത്തുന്നത്. കുവൈത്തില്‍ കഴിഞ്ഞ മാസം 21നാണ് ആദ്യഘട്ടചര്‍ച്ചകള്‍ തുടങ്ങിയത്. പ്രതിസന്ധികള്‍ക്കിടയിലും അന്ന് സര്‍ക്കാറും, ഹൂതി വിഭാഗവും 
യമന്‍ മൂന്‍ പ്രസിഡണ്ട് അലി അബ്ദുല്ല സാലെയുടെ പ്രതിനിധികളും ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തിയിരുന്നു.

ആദ്യഘട്ട ച!ര്‍ച്ച ആശാവഹമായിരുന്നുവെന്ന് യമനുവേണ്ടിയുള്ള യുഎന്‍ പ്രത്യേക പ്രതിനിധി ഇസ്മായില്‍ ഔല്‍ഡ് ഷേഖ് അഹമദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂന്ന് ദിവസം മുന്‍പ് വിയോജിപ്പുകള്‍ കാട്ടി സര്‍ക്കാര്‍ പ്രതിനിധികള്‍ ച!ര്‍ച്ചയില്‍ നിന്ന് പിന്‍മാറി. കഴിഞ്ഞ ശനിയാഴ്ച വിമതര്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചുവെന്നും സൈനികതാവളം പിടിച്ചെടുത്തുവെന്നും ആരോപിച്ചാണ് സര്‍ക്കാര്‍ പ്രതിനിധി സംഘം അനുരഞ്ജന ചര്‍ച്ചകളില്‍നിന്ന് തല്‍ക്കാലത്തേക്ക് പിന്‍വാങ്ങിയത്. 

ആക്രമണം അവസാനിപ്പിക്കാതെ തുടര്‍ ചര്‍ച്ചയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. സമാധാനം പുനഃസ്ഥാപിക്കാന്‍ വിമത വിഭാഗത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ലോക രാഷ്ട്രങ്ങളോട് യെമന്‍ പ്രതിനിധി സംഘം ആവശ്യപ്പെടുകയും ചെയ്യതിരുന്നു. ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുള്‍ ലത്തീഫ് അല്‍ സയാനിയും, കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യ വകുപ്പ് മന്ത്രിയുമായ ഷേഖ് സബാ അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബയും 
സമവായശ്രമങ്ങള്‍ നടത്തിയിരുന്നു. 

തുടര്‍ന്നാണ് അനുരഞ്ജനചര്‍ച്ച വീണ്ടും തുടങ്ങിയത്. അറേബ്യന്‍ മേഖലയിലെ ഏറ്റവും ദരിദ്രരാജ്യമായ യെമനിലെ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ചര്‍ച്ചകള്‍ക്ക് ആകുമെന്നാണ് കരുതുന്നത്.