ഐക്യരാഷ്ട്രസഭയുടെ സൈനിക നീരീക്ഷക സംഘത്തിനുനേരെ ഇന്ത്യൻ സേന വെടിവച്ചെന്ന പാകിസ്ഥാന്റെ ആരോപണം ഐക്യരാഷ്ട്രസഭ തള്ളി. ഹൂര്‍റിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ കോൺഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ വീട്ടിലെത്തി കണ്ടു. അതിനിടെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പാക്ക് പൗരൻ വിവാഹം ചെയ്‌തെന്ന് പരാതിപ്പെട്ട ദില്ലി സ്വദേശി ഉസ്മ നാട്ടിൽ തിരിച്ചെത്തി.
പാക് അധിന കശ്മീരിൽ സമാധാന ദൗത്യത്തിനിറങ്ങിയ ഐക്യരാഷ്ട്രസഭയുടെ സൈനിക നിരീക്ഷക സംഘം സഞ്ചരിച്ച വാഹനത്തിനുനേരെ ഇന്ത്യൻ സൈന്യം വെടിവച്ചെന്നായിരുന്നു പാകിസ്ഥാന്റെ ആരോപണം. ഇതിന് തെളിവില്ലെന്നായിരുന്നു ആരോപണം തള്ളിയ ഐക്യരാഷ്ട്ര സഭ വക്താവ് സ്റ്റീഫൻ ഡുജാറികിന്റെ പ്രതികരണം. യു.എൻ സംഘത്തിന് നേരെ ആരും വെടിവെച്ചിട്ടില്ല. യു.എൻ ദൗത്യസംഘം വെടിയൊച്ച കേൾക്കുക മാത്രമാണ് ചെയ്തതെന്നും ഡുജാറിക് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇന്ത്യൻ സൈനിക പോസ്റ്റുകൾ ആക്രമിച്ചെന്ന പാകിസ്ഥാന്റെ അവകാശവാദവും ഇന്ത്യ തള്ളിയിരുന്നു.
അതേസമയം വീട്ടു തടങ്കലിലുള്ള ഹൂര്‍റിയത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ കോൺഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരും സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ പീസ് ആൻഡ് പ്രോഗ്രസ് നേതാക്കളും വീട്ടിലെത്തി കണ്ടു. എല്ലാവരുമായും കേന്ദ്രസര്‍ക്കാര്‍ സമാധാന ചര്‍ച്ച നടത്തണമെന്ന് മണിശങ്കര്‍ അയ്യര്‍ ആവശ്യപ്പെട്ടു. അതിനിടെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പാക് പൗരൻ വിവാഹം ചെയ്‌തെന്ന് പരാതിപ്പെട്ട ദില്ലി സ്വദേശി ഉസ്മ വാഗാ അതിര്‍ത്തി വഴി നാട്ടിൽ തിരിച്ചെത്തി. ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവാണ് ഉസ്മക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ വഴി ഒരുക്കിയത്. ഉസ്മയെ സ്വാഗതം ചെയ്ത വിദേശകാര്യമന്ത്രി സുഷ്മസ്വരാജ് അനുഭവിക്കേണ്ടിവന്ന യാതനകൾക്ക് മാപ്പ് പറഞ്ഞു.
