കണ്ണൂര്‍: വൈദിക വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൈദികൻ റിമാൻഡിൽ. ഉളിക്കൽ കാലാങ്കി സ്വദേശി ഫാദർ ജെയിംസ് തെക്കേമുറി ആണ് പിടിയിലായത്. വൈദിക വിദ്യാർത്ഥിയെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു ഫാദർ ജെയിംസ് തെക്കേമുറി.
ദീർഘകാലമായി തുടരുന്ന പീഡനവും മർദനവും സഹിക്കവയ്യാതെയാണ് ഭീഷണികൾ അവഗണിച്ച് വൈദികവിദ്യാർത്ഥിയായ ഇരുപതുകാരൻ പരാതി നൽകിയത്. കണ്ണൂർ പട്ടാരം ദേവമാതാ സെമിനാരിയുടെ റെക്ടറായിരുന്നു റിമാന്‍ഡിലായ ജെയിംസ്. വൈദികനാകാൻ ആഗ്രഹിച്ച് 2012ൽ സെമിനാരിയിൽ ചേർന്ന ബാലനെ 2015 മുതലാണ് ഇയാൾ പൃകൃതിവിരുദ്ദ പീഡനത്തിനിരയാക്കിയത്. ഒരു വർഷമായി പീഡനവും മർദനവും തുടരുകയായിരുന്നു എന്നാണ് ഇരുപതുകാരന്‍റെ പരാതി. പീഡനവിവരം സഭാനേതൃത്വത്തെ അറിയിച്ചതിന് വിദ്യാർത്ഥിയെ ഇയാൾ ക്രൂരമായി മർദ്ദിച്ചെന്നും നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നും പരാതിയില്‍ പറയുന്നു.
തുടർന്നാണ് ആഭ്യന്തരവകുപ്പിന് ലഭിച്ച പരാതി പ്രകാരം പൊലീസ് ബംഗലുരുവിലെത്തി ജെയിംസിനെ അറസ്റ്റ് ചെയ്തത്. സമാനമായ സ്വഭാവദൂഷ്യങ്ങളെത്തുടർന്ന് മുൻപ് ഇയാൾ സഭാനടപടികളും നേരിട്ടിരുന്നു.
