കൊല്ലം: കുണ്ടറയില്‍ 12 വയസുകാരനെ ബന്ധുവായ അയല്‍ക്കാരന്‍ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. അശ്ലീല ചിത്രങ്ങള്‍ കാണിച്ചായിരുന്നു പീഡനം. ആറുവയസുള്ള സഹോദരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കുട്ടിയെ ഇയാൾ നിര്‍ബന്ധിച്ചതായും പരാതിയിലുണ്ട്. ഒന്നര വർഷം മുമ്പ് നടന്ന സംഭവം പുറത്തറിയുന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സക്കിടെ. പ്രതി ഒളിവിലെന്ന് കുണ്ടറ പൊലീസ്.

കുണ്ടറയിൽ അമ്മയുടെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുവായ യുവാവാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. ടിവി കാണുന്നതിനായെത്തുന്ന കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചായിരുന്നു പീഡനം. പുറത്തുപറഞ്ഞാല്‍ മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി വെളിപ്പെടുത്തി.

നിരന്തരമായുള്ള പീഡനം കുട്ടിയുടെ മാനസിക നില തകരാറിലാക്കിയെന്നും ആറുവയസുള്ള സഹോദരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കുട്ടിയെ ഇയാൾ നിര്‍ബന്ധിച്ചതായും കുട്ടിയുടെ അമ്മ പറയുന്നു.

സ്വഭാവ വൈകല്യത്തെ തുടർന്ന് സ്കൂൾ അധികൃതരാണ് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൗൺസിലിംഗിനിടെ കുട്ടി സംഭവങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. മെഡിക്കൽ കോളേജ് അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. കുണ്ടറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ട് ഒരുമാസമായെങ്കിലും ഇതുവരേയും പ്രതിയെ പിടികൂടാനായിട്ടില്ല. അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതി ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്.