ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്‍സിലിന്‍റെ മുൻപിൽ പാലസ്തീൻ ജനതയുടെ സംരക്ഷണത്തിനായി ആവശ്യപ്പെടുന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്തു
ന്യൂയോര്ക്ക്: ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്സിലിന്റെ മുൻപിൽ പാലസ്തീൻ ജനതയുടെ സംരക്ഷണത്തിനായി ആവശ്യപ്പെടുന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. കുവൈറ്റാണ് പ്രമേയം സുരക്ഷ കൗണ്സിലില് പ്രമേയം അവതരിപ്പിച്ചത്. ഗാസയിലെ പ്രശ്നങ്ങൾക്ക് ഹമാസിനെ അപലപിച്ചു കൊണ്ടാണ് അമേരിക്ക പ്രമേയത്തെ അനുകൂലിക്കാതിരുന്നത്.അമേരിക്ക വീറ്റോ ചെയ്തതോടെ പ്രമേയം തള്ളിപ്പോയി.
ഇസ്രയേലുമായുള്ള അതിർത്തി വേലിക്ക് സമീപമുള്ള ഗാസ മുനമ്പിൽ ഏതാനും ആഴ്ചകളായി സമാധാനപരമായ നടത്തുന്ന പ്രതിഷേധപ്രകടനത്തിലേക്ക് ഇസ്രയേലി സൈന്യം നടത്തിയ അക്രമത്തിൽ 120 ലധികം പാലസ്തീനികൾ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേർക്ക് പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സിക്കാനെത്തിയ ആരോഗ്യരംഗത്തുള്ളവരും പത്രപ്രവർത്തകരും കൊല്ലപ്പെട്ടവരില് ഉള്പ്പെടുന്നു. റഷ്യയും ഫ്രാൻസും ഉൾപ്പെടെ പത്ത് രാജ്യങ്ങൾ വെള്ളിയാഴ്ച കുവൈത്ത് മുന്നോട്ടുവച്ച പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.
ബ്രിട്ടൻ, പോളണ്ട്, നെതർലൻഡ്സ്, എത്യോപ്യ എന്നീ നാലു രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതിരുന്നപ്പോൾ ഇസ്രയേലിന്റെ പ്രധാന പങ്കാളിയായ അമേരിക്ക മാത്രമാണ് പ്രമേയത്തിന് എതിരായി വോട്ട് ചെയ്തത്. പാലസ്തീൻ ജനതയുടെ അന്താരാഷ്ട്ര സംരക്ഷണത്തിനായി കൊണ്ടുവന്ന പ്രമേയം പിന്നീട് മൂന്ന് തവണയോളം പരിഷ്കരിക്കുകയും ആവിശ്യത്തിന് "വെള്ളം ചേർക്കുകയും " ചെയ്തിരുന്നു എന്ന് പറയപ്പെടുന്നു.
അധിനിവേശ പാലസ്തീനിലും ഗാസാ മുനമ്പിലുമുൾപ്പടെയുള്ള പാലസ്തീൻ ജനവിഭാഗങ്ങളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്താനുള്ള നടപടികളുടെ പരിഗണനക്കായി ആണ് അന്തിമ കരട് വോട്ടിനിട്ടത്.ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസിഡർ നിക്കി ഹെയ്ലി ഈ പ്രമേയം "ഏകപക്ഷീയമായത്" എന്നാണ് വിശേഷിപ്പിച്ചത്. പാലസ്തീനിന്റെ ദുരിതങ്ങളുടെ ഉത്തരവാദിത്വം മുഴുവൻ ഗാസയിലെ ഹമാസിന്റെ പ്രവർത്തനം മൂലമാണ് എന്ന് വരുത്തി തീർക്കാനായിരുന്നു നിക്കി തന്റെ പ്രസംഗത്തിൽ കൂടുതലും ശ്രമിച്ചത്.
അമേരിക്ക തന്റെ വീറ്റോ പവര് ഉപയോഗിക്കുന്നതിലൂടെ കാണിച്ചിരിക്കുന്നത് ഇസ്രായേലിനോടുള്ള അന്ധമായ വിധേയത്വമാണെന്നും ഇസ്രായേലിന്റെ മനുഷ്യത്വം മരവിച്ച നടപടിയെ അമേരിക്ക ന്യായീകരിക്കുകയാണെന്നും പാലസ്തീന് ലിബറേഷന് ഓര്ഗനൈസേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹനന് അശ്രവി ആരോപിച്ചു.
