ഇറാഖിലും സിറിയയിലുമായുള്ള നാലുലക്ഷത്തോളം വരുന്ന യസീദികളെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ അണിനിരക്കണമെന്ന ആഹ്വാനമാണ് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വക്കുന്നത്. പുരുഷന്മാരെ വ്യാപകമായി കൊന്നൊടുക്കിയും സ്ത്രീകളേയും കുട്ടികളേയും ലൈംഗിക അടിമകളാക്കിയും ഐഎസ് വംശഹത്യ നടത്തുകയാണെന്നാണ് യുഎന്‍ സംഘത്തിന്റെ കണ്ടെത്തല്‍. സിറിയയിലും ഇറാഖിലുമുള്ള ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തിലൂടെയാണ് ഇവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ യുഎന്‍ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്. 2004ന് ശേഷം തുടരുന്ന ഈ കൂട്ടക്കൊല ഇപ്പോഴും തുടരുകയാണെന്നും, 1948ലെ ജീനോസൈഡ് കണ്‍വെന്‍ഷന്‍ അനുസരിച്ച് ഇത് അന്താരാഷ്ട്ര കുറ്റകൃത്യമാണെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ നിലപാട്. ഈ സാഹചര്യത്തില്‍ ഈ വിഷയം അന്താരാഷ്ട്ര കോടതിയുടെ പരിഗണനയിലെത്തിക്കേണ്ടതുണ്ടെന്നും യുഎന്‍ സംഘം വ്യക്തമാക്കുന്നു. ഇസ്ലാം മതം സ്വീകരിക്കുക എല്ലെങ്കില്‍ മരണത്തിന്നിരയാകുക എന്ന സന്ദേശമാണ് ഐഎസ് യസീദികള്‍ക്ക് മുന്നില്‍ വക്കുന്നതെന്നും യുഎന്‍ കുറ്റപ്പെടുത്തുന്നു.

ഇറാഖിലും സിറിയയിലുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 3200 ഓളം പേരെ ഐഎസ് നിലവില്‍ ലൈംഗിക അടിമകളാക്കി വച്ചിരിക്കുകയാണെന്നും ഇവരുടെ മോചനത്തിനായി ലോകരാജ്യങ്ങള്‍ ഇടപെടണമെന്നും യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.