ദില്ലി: ഉന്നത കോടതികളില്‍ പിന്നാക്ക വിഭാഗങ്ങളുടെ സാന്നിദ്ധ്യമില്ലാത്തതില്‍ ഉത്കണ്ഠ വ്യക്തമാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഒബിസി, എസ് സി, എന്നീ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉയര്‍ന്ന നീതിന്യായ കോടതികളില്‍ വിരളമാണ്. നാല് ന്യായാധിപന്‍മാരില്‍ ഒരാള്‍ മാത്രമാണ് സ്ത്രീ. ഇതില്‍ മാറ്റമുണ്ടാകണം. സ്ത്രീ പ്രാതിനിധ്യവും ഉയരണമെന്നും രാഷ്ട്രപതി പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

മറ്റ് മേഖലകളെ പോലെ രാജ്യത്തിന്റെ നാനാവിഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ക്കും നീതിന്യായവ്യവസ്ഥയില്‍ ഇടം നല്‍കണം. ഹൈക്കോടതികളിലും സുപ്രീം കോടതിയിലും മറ്റ് സബ്‌കോടതികളിലുമായി ഉള്ള 17000 ന്യായാധിപരില്‍ 4700 പേര്‍ മാത്രമാണ് സ്ത്രീകള്‍. ഇത് ആകെയുള്ളതിന്റെ നാലില്‍ ഒന്ന് മാത്രമാണ്. 

ജില്ല,സെഷന്‍സ് കോടതികളിലെ ജഡ്ജിമാരുടെ കഴിവുകള്‍ ഉയര്‍ത്തി അവരെ ഹൈക്കോടതിയിലെത്തിക്കേണ്ടത് ഉന്നത കോടതികളുടെ ഉത്തരവാദിത്തമാണെന്നും കോവിന്ദ് വ്യക്തമാക്കി. ലോ അക്കാദമി ഓഫ് ഇന്ത്യ, നിതി ആയോഗ് എന്നിവയുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.