സിറിഞ്ചുകൾ കൊണ്ട് കുത്തിയതിന്‍റെ പാടുകള്‍ രാസപരിശോധനാ റിപ്പോർട്ടാണ് ഇനി നിർണായകം

കണ്ണൂര്‍: കണ്ണൂർ എടക്കാട് പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടശേഷം ദുരൂഹസാഹചര്യത്തിൽ മരിച്ച ഓട്ടോഡ്രൈവറുടെ ശരീരത്തിൽ മർദനമേറ്റതിന്റെ തെളിവുകളില്ലെന്ന് വ്യക്തമാക്കി പോസ്റ്റ്മോർട്ടം, മെഡിക്കൽ റിപ്പോർട്ടുകൾ. എന്നാൽ ഇരുകൈകളിലും സിറിഞ്ചുകൾ കൊണ്ട് കുത്തിയതിന്റെയും, മൂർച്ചയേറിയ വസ്തു കൊണ്ട് വരഞ്ഞതിന്റെയും പാടുകളുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാൽ രാസപരിശോധനാ ഫലം വന്നതിന് ശേഷം പ്രതികരിക്കാമെന്നാണ് ഉനൈസിന്റെ കുടുംബത്തിന്റെ നിലപാട്.

ഇരു കൈമുട്ടുകളിലും കൈപ്പത്തിയുടെ പുറകിലും ദിവസങ്ങൾക്ക് മുൻപുള്ള സൂചിപ്പാടുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരന്തരം സിറിഞ്ചുപയോഗിച്ച് കുത്തിവെച്ചതിന്റെ പാടുകളാണിവ. ഈ ഭാഗങ്ങളിൽ തൊലിക്ക് നിറം മാറ്റവും ഉണ്ട്. ഇരു കൈത്തണ്ടയിലും ബ്ലേഡ് പൊലെ വസ്തു കൊണ്ട് കീറിവരഞ്ഞ പാടുകളുണ്ട്. തലയോട്ടിയിലും തലച്ചോറിലും കഴുത്തിനും ക്ഷതങ്ങളില്ല. ആന്തരികാവയങ്ങളിൽ അസാധാരണമായ ഒന്നും കണ്ടെത്തിയിട്ടില്ല.

ഉനൈസിനെ പൊലീസ് കസ്റ്റഡിയിൽ മർദിച്ച് ആഴ്ച്ചകളോളം അവശനിലയിൽ കിടന്ന ശേഷം ഉനൈസ് മരിച്ചുവെന്നാണ് കുടുംബം നൽകിയിരുന്ന പരാതി. ഫെബ്രുവരി 21ന് കസ്റ്റഡിയിലെടുത്ത ഉനൈസ് ഈ മാസം രണ്ടിനാണ് മരിച്ചത്. 24ന് തലശേരി സഹകരണ ആശുപത്രിയിൽ നിന്ന് നൽകിയ റിപ്പോർട്ടിലും ഇടതുകാലിൽ ഉരഞ്ഞ പാടുകളും കൈമുട്ടുകളിലെ മുൻപുണ്ടായ മുറിപ്പാടുകളും രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് മർദനത്തിന്റെ പരിക്കുകൾ ഉള്ളതായി ഇതിലില്ല. ശരീരത്തിൽ മറ്റു പരിക്കുകലില്ലെന്നാണ് ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ, കേസ് ഗൗരവത്തിലെടുക്കാതെ പോസ്റ്റ്മോർട്ടം നടത്തിയതിനാലാണ് പരിക്കുകൾ കൃത്യമായി രേഖപ്പെടുത്താത്തത് എന്നാണ് ഉനൈസിന്റെ കുടുംബത്തിന്റെ അഭിഭാഷകന്റെ നിലപാട്. ഇതിനായി രാസപരിശോധന റിപ്പോർട്ട് വരെ കാത്തിരിക്കണമെന്നും അഭിഭാഷകൻ വ്യക്തമാക്കുന്നു. കസ്റ്റഡി മർദനം ഉണ്ടായിട്ടില്ലെന്ന് പൊലീസ് നൽകിയ റിപ്പോർട്ട് നിലനിൽക്കെ തൃശൂർ റെയ്ഞ്ച് ഐ.ജിയുടെ അന്വേഷണവും തുടരുകയാണ്. രാസപരിശോധനാ റിപ്പോർട്ടാണ് ഇനി നിർണായകം.