വൃദ്ധ ദമ്പതികളെ അക്രമികള്‍ കഴുത്തറുത്തു കൊന്നു ആക്രമണത്തിൽ മക്കൾക്കും പരിക്കേറ്റു

ഖുന്തി: ഉറങ്ങി കിടക്കുകയായിരുന്ന വൃദ്ധ ദമ്പതികളെ അക്രമികള്‍ കഴുത്തറുത്തു കൊന്നു. ജാര്‍ഖണ്ഡിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട അറുപതുകാരനായ സാത്രി മുണ്ടയും ഭാര്യ ജാനി ദേവിയുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മക്കൾക്കും പരിക്കേറ്റു. രാത്രി എല്ലാവരും ഉറങ്ങി കിടക്കുന്ന സമയത്തായിരുന്നു അക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത്.

മക്കളായ രാം മുണ്ടയ്ക്കും രാധ ഹന്‍സക്കുമൊപ്പം ഉറങ്ങുകയായിരുന്നു ഈ വൃദ്ധ ദമ്പതികൾ. മക്കൾക്കുണ്ടായ പരിക്ക് ​ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതുവരെയും പൊലീസിന് അക്രമികളെ കണ്ടെത്താനായിട്ടില്ല. സാത്രിയുടെ വെട്ടിയെടുത്ത തലയുമായിട്ടാണ് കൊലയാളികള്‍ രക്ഷപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സാത്രിയുടെ ശരീരം മാത്രമാണ് ഇപ്പോള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുന്നത്. 

കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെയും പൊലീസിന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. മന്ത്രവാദത്തിനു വേണ്ടി നടത്തിയ കുരുതിക്കൊലയാവാം ഇതെന്നാണ് പൊലീസിന്റെ നി​ഗമനം. അന്വേഷണം നടക്കുകയാണെന്നും എത്രയും വേഗം പ്രതികളെ കണ്ടെത്തുമെന്നും എസ്പി അശ്വിനി കുമാര്‍ സിന്‍ഹ പറഞ്ഞു.