കൊല്ലം: ശ്രീജിത്തിനെ കാണുവാന്‍ സമരപ്പന്തലില്‍ എത്തിയ രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിന്‍റെ വീടിനു നേരെ ആക്രമണം. തിങ്കളാഴ്ച രാത്രി രണ്ടു മണിയോടെയാണ് ആക്രമണമുണ്ടായത്. അജ്ഞാത സംഘം എത്തി കല്ലെറിയുകയായിരുന്നു. ശാസ്താംകോട്ടയിലെ വീട്ടില്‍ ആന്‍ഡേഴ്‌സണിന്റെ മാതാപിതാക്കള്‍ ഉണ്ടായിരുന്നു.

സംഭവത്തിന് ശേഷം ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കടുത്ത ഭീഷണിയുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വീടിന് നേരെ ആക്രമണം നടത്തിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശ്രീജിത്തിന്റെ സമരം 764 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഐക്യദാര്‍ഡ്യവുമായി ചെന്നിത്തല സമരപ്പന്തലില്‍ എത്തിയത്. എന്നാല്‍ രൂക്ഷമായ വിമര്‍ശനമാണ് അന്ന് ശ്രീജിത്തിന്‍റെ സുഹൃത്തുകൂടിയായ ആന്‍ഡേഴ്‌സണ്‍ ഉന്നയിച്ചത്. പ്രതിപക്ഷ നേതാവിനെ പൊരിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. 

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുന്ന സമയത്താണ് സംഭവം നടന്നതെന്നും അന്ന് ശ്രീജിത്തിനൊപ്പം ചെന്നിത്തലയെ കാണാന്‍ താനും വന്നിരുന്നതായി ശ്രീജിത്തിന് സുഹൃത്തായ ഇയാളുടെ വാദം. രാത്രിയില്‍ അവിടെ കിടന്നാല്‍ കൊതുകു കടിക്കുമെന്നായിരുന്നു ചെന്നിത്തല ശ്രീജിത്തിനോട് അന്ന് പറഞ്ഞതെന്ന് സുഹൃത്ത് പറഞ്ഞു. ഇതോടെ ചെന്നിത്തല സുഹൃത്തിനോട് ക്ഷുഭിതനായി. ഇതിനുപിന്നാലെ പ്രതിപക്ഷ നേതാവിനുനേരെ സുഹൃത്തുക്കളുടെ പ്രതിഷേധം ശക്തമായി.