ദില്ലി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടനെന്നു സൂചന. പുനഃസംഘടനയ്ക്കു മുന്നോടിയായി കേന്ദ്ര മന്ത്രിമാര്‍ അവലോകന റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. ഉടന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കു പുനഃസംഘടനയില്‍ മികച്ച പരിഗണന ലഭിച്ചേക്കും.

ജൂലൈ ആറിനു തുടങ്ങുന്ന മോദിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനക്കുള്ള സാദ്ധ്യതകളാണ് തെളിയുന്നത്. മന്ത്രിമാരുടെ പ്രകടനങ്ങള്‍ വിലയിരുത്താന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ മോദി മന്ത്രിസഭാ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നാളെ വൈകിട്ട് മന്ത്രിസഭാ അംഗങ്ങളെ പ്രധാനമന്ത്രി വിളിപ്പിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ മന്ത്രിമാരുടെ അവലോകന റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്‌തേക്കും.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലടക്കം പൂര്‍ത്തിയാകാനുള്ള പ്രധാന പദ്ധതികള്‍ സംബന്ധിച്ചും മന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അമിതഷാ തുടങ്ങിയ നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.

പഞ്ചാബ്, ഉത്തരാഖണ്ട്, ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടുള്ള പുനഃസംഘടനയില്‍ ഈ മൂന്നു സംസ്ഥാനങ്ങള്‍ക്കും മികച്ച പ്രാതിനിധ്യം ഉണ്ടാകുമെന്നാണു വിലയിരുത്തല്‍. അസം മുഖ്യമന്ത്രി സര്‍ബാനന്ദ് സോനാവാള്‍ കൈകാര്യം ചെയ്ത കായിക വകുപ്പിന്റെ ചുമതലയും പുതിയ മന്ത്രിക്ക് നല്‍കും.

മന്ത്രിസഭയിലെ പ്രമുഖര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ മാറ്റ മുണ്ടാകില്ലെങ്കിലും എഴുപത് പിന്നിട്ട നജ്മ ഹെപ്തുള്ളയെ ഗവര്‍ണ്ണര്‍ ചുമതല നല്‍കാമെന്ന ഉറപ്പില്‍ ഒഴിവാക്കിയേക്കും. അതേസമയം മറ്റൊരു മുതിര്‍ന്ന അംഗം കല്‍രാജ് മിശ്രയെ യുപി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിലനിര്‍ത്തിയേക്കും.