യുജിസി സര്‍വകലാശാലകളോട് അത്തരമൊരു നിര്‍ദേശം നല്‍കിയതില്‍ ദേശീയത മാത്രമേയുള്ളുവെന്നും ഒരുതരത്തിലുള്ള രാഷ്ട്രീയവുമില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി

ദില്ലി: ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ മിന്നലാക്രമണത്തിന്‍റെ ഓര്‍മ പുതുക്കല്‍ സര്‍വകലാശാലകളില്‍ നടത്താനുള്ള നിര്‍ദേശം നല്‍കിയതില്‍ വിശദീകരണവുമായി കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍. യുജിസി സര്‍വകലാശാലകളോട് അത്തരമൊരു നിര്‍ദേശം നല്‍കിയതില്‍ ദേശീയത മാത്രമേയുള്ളുവെന്നും ഒരുതരത്തിലുള്ള രാഷ്ട്രീയവുമില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

യുജിസിയുടെ നിര്‍ദേശത്തിനെതിരെ വിവിധ പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍, അത്തരം വാദങ്ങള്‍ എല്ലാം തെറ്റാണെന്നും ഒരു സര്‍വകലാശാലയോടും നിര്‍ബന്ധമായി മിന്നലാക്രമണത്തിന്‍റെ ഓര്‍മ പുതുക്കല്‍ സംഘടിപ്പിക്കുവാന്‍ പറഞ്ഞിട്ടില്ലെന്നും ജാവഡേക്കര്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ചെയ്ത് പോലെ ബിജെപി ഒരിക്കലും ചെയ്യില്ല. വാര്‍ഷികം നടത്താനുള്ള നിര്‍ദേശം മാത്രമാണ് നല്‍കിയിരിക്കുന്നത്. അല്ലാതെ, നിര്‍ബന്ധമായി നടത്തണമെന്ന ഉത്തരവല്ല. ഇതില്‍ എന്താണ് രാഷ്ട്രീയമുള്ളത്, ദേശസ്നേഹം മാത്രമാണുള്ളത്.

വിദ്യാര്‍ഥികള്‍ക്ക് മിന്നലാക്രമണത്തിന്‍റെ കാര്യങ്ങളെപ്പറ്റി കൂടുതല്‍ അറിയാനുള്ള അവസരം മാത്രമാണത്. 29ന് മിന്നലാക്രമണത്തിന്‍റെ ഓര്‍മപുതുക്കല്‍ നടത്തണമെന്ന് വിവിധ സര്‍വകലാശാലകളും വിദ്യാര്‍ഥികളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജാവഡേക്കര്‍ അവകാശപ്പെട്ടു.

മുന്‍ സെെനിക ഉദ്യോഗസ്ഥരുടെ ക്ലാസുകളും എന്‍സിസിയുടെ പരേഡുമെല്ലാം നടത്തുമെന്ന് പലരും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് എന്ത് കൊണ്ട് നടത്തിയില്ല എന്ന ചോദ്യത്തിന് നല്ല കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നടത്താമെല്ലോ എന്ന മറുപടിയാണ് കേന്ദ്ര മന്ത്രി നല്‍കിയത്.

ഇന്നലെയാണ് സെപ്റ്റംബര്‍ 29 സര്‍ജിക്കല്‍ സ്‍ട്രെെക്ക് ദിവസമായി ആചരിക്കുവാനുള്ള യുജിസിയുടെ നിര്‍ദേശം വന്നത്. 2016 സെപ്തംബര്‍ 29 നാണ് പാക്ക് അധിനിവേശ കശ്മീരിലെ ഏഴ് ഭീകര വാദ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് (മിന്നലാക്രമണം) നടത്തിയത്.

ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയതിന്റെ വാര്‍ഷികം സര്‍വകലാശാലകളുടെ നേതൃത്വത്തില്‍ ആഘോഷിക്കണമെന്ന് രാജ്യത്തെ വിവിധ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് നല്‍കിയ അറിയിപ്പില്‍ യുജിസി വ്യക്തമാക്കുവന്നത്. രാജ്യത്തെ സൈനികര്‍ക്ക് പിന്തുണ അറിയിച്ച് അന്ന് വിദ്യാര്‍ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു.