ടെക്‌സസ്: വിവാഹത്തിനായി തിരിച്ച പ്രതിശ്രുത വധുവിനെയും വരനെയും യുണൈറ്റ് എയര്‍ലൈസ് ഇറക്കിവിട്ടു. വിമാനത്തിലുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ ഇവരെ ഫെഡറല്‍ ലോ എന്‍ഫോഴ്‌സ്‌മെന്‍റ് അധികൃതര്‍ വിമാനത്തില്‍ നിന്ന് പുറത്താക്കിയത്. ശനിയാഴ്ചയാണ് സംഭവം.കഴിഞ്ഞയാഴ്ച ചിക്കാഗോയില്‍ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്ന് യാത്രക്കാരനെ പുറത്തേക്ക് വലിച്ചിഴച്ച യുണെറ്റഡ് ഏയര്‍ലെന്‍സിന്‍റെ നടപടി വലിയ വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവം.
ദമ്പതികള്‍ ഉയര്‍ന്ന ക്ലാസിലെ സീറ്റുകളില്‍ കയറി ഇരുന്നുവെന്നും ജീവനക്കാരുടെ നിര്‍ദേശം പാലിക്കാന്‍ വിസമ്മതിക്കുകയും വിമാനത്തിനുള്ളില്‍ ബഹളം വയ്ക്കുകയും ചെയ്തുവെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് അധികൃതര്‍ വിശദീകരിച്ചു. ഇതേകുറിച്ച് പ്രതികരിക്കാന്‍ വിമാന കമ്പനിയായ യുണൈറ്റഡ് കോണ്ടിനെന്റല്‍ ഹോള്‍ഡിംഗ് തയ്യാറായിട്ടില്ല.
മൈക്കിള്‍ ഹോല്‍, പ്രതിശ്രുത വധു അംബെര്‍ മാക്‌സ്‌വെല്‍ എന്നിവരെയാണ് വിമാനത്തില്‍ നിന്ന് പുറത്താക്കിയത്. തങ്ങളുടെ സീറ്റിനു സമീപത്തിരുന്ന യാത്രക്കാരന്‍ ഉറങ്ങുന്നത് ശല്യമായതോടെയാണ് സീറ്റ് മാറിയെടുത്തതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ സീറ്റിന് അധിക പണം നല്‍കണമെന്ന് കമ്പനി നിര്‍ദേശിച്ചത് അംഗീകരിച്ചില്ല. സ്വന്തം സീറ്റിലേക്ക് മടങ്ങാന്‍ ജീവനക്കാര്‍ നിര്‍ദേശിച്ചുവെന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞയാഴ്ച വിയറ്റ്‌നാം സ്വദേശിയായ ഡോ.ഡേവിഡ് റോയെ വിമാനത്തില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കമ്പനിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇത് സൃഷ്ടിച്ചത്. സംഭവത്തില്‍ കമ്പനി പിന്നീട് ഖേദം പ്രകടിപ്പിച്ചുവെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് റോയുടെ അഭിഭാഷകന്‍ അറിയിച്ചു.
