തിരുവനന്തപുരം: ഹോസ്റ്റല്‍ ഒഴിഞ്ഞ് കൊടുത്തില്ല എന്നാരോപിച്ച് കാര്യവട്ടം കാമ്പസിലെ വിദ്യാര്‍ഥിനികളെ പൂട്ടിയിട്ടതായി ആരോണം. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് എത്തിയാണ് ഇവരെ തുറന്നുവിട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ഹോസ്റ്റലിലെ പുഴുവടങ്ങിയ മോശം ആഹാരം കൊടുത്തതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച്ച വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഹോസ്റ്റല്‍ നടത്തിപ്പ് കരാര്‍ നല്‍കിയിരിക്കുന്ന ആളെ മാറ്റാമെന്നും പകരം ആള്‍ വരുന്നതുവരെ ഭക്ഷണം നല്‍കാന്‍ ബദല്‍ സംവിധാനം ഒരുക്കുമെന്നും സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥികളോട് അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വൈസ് ചാന്‍സിലറുടെ നിര്‍ദേശാനുസരണം ഡിസംബര്‍ 15 മുതല്‍ 22 വരെ കാര്യവട്ടം ക്യാമ്പസിലെ എല്ലാ ഡിപ്പാര്‍ട്ടമെന്റുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഈ കാലയളവില്‍ അറ്റകുറ്റ പണികള്‍ക്കായി ഹോസ്റ്റല്‍ അടച്ചിടുന്നുവെന്നും യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഉത്തരവ് ഇറക്കി. ഈ ആഴ്ച്ച ചില സര്‍വകലാശാല പരീക്ഷകള്‍ ഉള്ളതിനാല്‍ അധികൃതരുടെ ഈ തീരുമാനത്തിനെതിരെ ചില ഗവേഷണ വിദ്യാര്‍ഥികളും, മറ്റു ഡിപ്പാര്‍ട്‌മെന്റിലെ ചില വിദ്യാര്‍ഥികളും ഹോസ്റ്റല്‍ ഒഴിയാതെ പ്രതിഷേധിച്ചു. ഇവര്‍ മുറിയില്‍ തന്നെ ഭക്ഷണം പാചകം ചെയ്തു കഴിച്ചു. ഇതിന് പിന്നാലെയാണ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികളെ അധികൃതര്‍ പൂട്ടിയിട്ടത്. സംഭവം അറിഞ്ഞ് മുന്‍ എം.എല്‍.എ ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സി.പി.എം നേതാക്കള്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. വിദ്യാര്‍ഥികളെ പൂട്ടിയിട്ട സംഭവത്തില്‍ സ്വമേധയാ കേസ് എടുത്തതായി, വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ യുവജന കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം അറിയിച്ചു.
ഇടപെടല്‍ ശക്തമായത്തോടെ പോലീസെത്തി വിദ്യാര്‍ഥികളെ തുറന്നു വിടുകയായിരുന്നു. വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥികളെ തിരിച്ചു വിളിച്ച് അധികൃതര്‍ ഹോസ്റ്റലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ പൂട്ടിയിട്ടുയെന്ന ആരോപണം സര്‍വകലാശാല അധികൃതര്‍ തള്ളി. ഒരു ഗേറ്റ് മാത്രമാണ് അടച്ചതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പുറത്ത് പോകാനും അകത്തു വരാനും മറ്റെല്ലാ വഴികളും തുറന്നാണ് ഇട്ടിരുന്നതെന്നും അധികൃതര്‍ പറഞ്ഞു. ഡിസംബര്‍ 22 മുതല്‍ ക്രിസ്തുമസ് അവധിയായതിനാല്‍ ഫലത്തില്‍ മൂന്നാഴ്ചക്കാലം കാമ്പസിന് അവധി ആയിരിക്കും.
ഇന്റേണല്‍ പരീക്ഷകള്‍, സെമിനാര്‍ അവതരണം, ഡെസര്‍ട്ടേഷന്‍ പ്രീ സബ്മിഷന്‍ സെമിനാറുകള്‍, ഓപ്പണ്‍ ഡിഫന്‍സ്, എന്നിങ്ങനെ സര്‍വകലാശാലയിലെ മുഴുവന്‍ അക്കാദമിക് പ്രവര്‍ത്തനങ്ങളും ഏഴ് പ്രവൃത്തി ദിവസങ്ങളും നിരോധിച്ച് കൊണ്ടുള്ള ഈ നിര്‍ബന്ധിത അവധി പ്രഖ്യാപനം പഠനപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വൈസ് ചാന്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് വിദ്യാര്‍ഥികളും വിദ്യാര്‍ത്ഥി സംഘടനകളും ഉന്നയിക്കുന്നത്. വെള്ളിയാഴ്ച്ച അധ്യാപക നിയമനത്തിലെ ക്രമക്കേട് ആരോപിച്ച് കേരള യൂണിവേഴ്‌സിറ്റി വിസിയ്‌ക്കെതിരെ എസ്എഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്ന മാര്‍ച്ച് അക്രമസക്തമായിരുന്നു.
