കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് കോടതിയില്‍ ഐസ്ക്രീം കേസില്‍ വിഎസിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് നാടകീയമായി സന്തോഷ് മാത്യു എന്ന അഭിഭാഷകന്‍ രംഗപ്രവേശനം ചെയ്തത്. കേസില്‍ ഇടപെടാന്‍ വിഎസിന് യോഗ്യതയില്ലെന്ന് സന്തോഷ് മാത്യു വാദിച്ചു. ഐസ്ക്രീം അട്ടിമറിക്കേസിലെ തുടരന്വേഷണ ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളണമെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ ആവശ്യം. വക്കാലത്ത് ഇല്ലാതെ താങ്കള്‍ ഈ കേസില്‍ വാദവുമായി എത്തിയത് എന്തിനാണെന്ന് വിഎസിന്റെ അഭിഭാഷകന്‍ എന്‍. ഭാസ്കരന്‍ നായര്‍ ചോദിച്ചു.

ഭാസ്കരന്‍ നായര്‍ നിലപാട് കടുപ്പിച്ചതോടെ സന്തോഷ് മാത്യു നിശബ്ദനാവുകയായിരുന്നു. ഈ കേസില്‍ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ ഭാരവാഹി വി.കെ രാജു കക്ഷി ചേര്‍ന്നിട്ടുണ്ടെന്നും രാജുവിന് വേണ്ടി താന്‍ നേരത്തെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസില്‍ ഹാജരായിട്ടുണ്ടെന്നും അഡ്വ. സന്തോഷ് മാത്യു പിന്നീട് വിശദീകരിച്ചു. ഇതിനാലാണ് കേസില്‍ ഇടപെടല്‍ ഹരജി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.