തിരുവനന്തപുരം: സ്കൂളില്‍ വച്ച് മൂന്നാം ക്ലാസുകാരിയെ അജ്ഞാത കുത്തിവച്ചെന്ന് പരാതി. പരിശോധനകള്‍ക്കായി കുട്ടിയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ നിലപാട്. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കേണ്ടി വരുമെന്ന നിഗമനത്തിലാണ് പൊലീസും.

തിരുവനന്തപുരം ശ്രീകാര്യം ചാവടിമുക്ക് സര്‍ക്കാര്‍ ഹൈസ്കൂളിലെ മൂന്നാം ക്ലാസുകാരിയ്‌ക്കാണ് സ്കൂളില്‍ വച്ച് അജ്ഞാതയായ സ്‌ത്രീയുടെ കുത്തിവയ്പ് കിട്ടിയതെന്നാണ് പരാതി. ഉച്ചയൂണ് കഴിഞ്ഞ് ക്ലാസിലേക്ക് പോകവേ സ്‌ത്രീ കുട്ടിയ ബലമായി പിടിച്ചുകൊണ്ടുപോയി കൈകള്‍ കെട്ടിയശേഷം കുത്തിവച്ചെന്നാണ് കുട്ടി പറയുന്നത്.

എന്നാല്‍ ഇങ്ങനെയൊന്ന് സംഭവിക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. അന്വേഷണത്തില്‍ സംശയകരമായ ഒന്നും കണ്ടെത്താനുമായിട്ടില്ലെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു. കുട്ടി ഇപ്പോള്‍ എസ്എടി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും വിശദമായ പരിശോധനകള്‍ നടത്തിയശേഷമേ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യൂ.