കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്ത് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവതിയെ കൊച്ചി പളളുരുത്തിയിൽ പോലീസ് പിടികൂടി. പെൺകുട്ടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയായിരുന്നു പീഡനം.
പതിമൂന്ന് വയസ്സുളള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കേസിൽ പളളുരുത്തി എംഎൽഎ റോഡിൽ താമസിക്കുന്ന സിനിയെയാണ് പളളുരുത്തി സിഐ അനീഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. അയൽവാസിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച യുവതി വീട്ടുകാരുമായി അടുപ്പത്തിലായി. ഒരിക്കൽ വസ്ത്രം മാറുന്ന പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തി. ഫേസ് ബുക്കിൽ ഈ വീഡിയോ ഇടുമെന്ന് ഭീഷണിപ്പെടുത്തി യുവതി പിന്നീട് പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇംഗിതത്തിന് വഴങ്ങാതിരുന്ന കുട്ടിയെ മർദിച്ച്
പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു.
ഇതിനായി കൃത്രിമ ലൈംഗിക ഉപകരണം ഉപയോഗിച്ചു. പീഡന ദൃശ്യങ്ങൾ വീണ്ടും സിനി മൊബൈൽ ഫോണിൽ പകർത്തുകയും തുടര്‍ന്ന് മാസങ്ങളായി കുട്ടിയെ പീഡിപ്പിച്ചുവരുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ ചൈൽഡ് ലൈനിൽ
വിവരം അറിയിച്ചതോടെയാണ് പീഡനവിവരം പുറത്ത് പറയുന്നത്.
പോസ്കോ നിയമപ്രകാരമാണ് സിനിക്കെതിരെ കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത യുവതിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് മൊബൈൽ ഫോണുകൾ, സിംകാർഡ് എന്നിവ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.
