കോഴിക്കോട് ആവളയിൽ അധ്യാപകൻ 10 കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. ചൈൽഡ് ലൈനിൽ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി.
നാലാം ക്ലാസ് വിദ്യാർത്ഥികളാണ് പീഡനത്തിനിരയായത്. അറബി അധ്യാപകൻ അബ്ദുൾ റസാഖാക്ക് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കുട്ടികളുടെ പരാതി. ഒഴിവ് സമയത്ത് കുട്ടികളെ സ്റ്റാഫ് റൂമിൽ കൊണ്ട് പോയി പീഡനത്തിനിരയാക്കുകയായിരുന്നു . പീഡനത്തിനിരയായ കുട്ടികൾ തന്നെയാണ് ഇക്കാര്യം ചൈൽഡ് ലൈനിൽ അറിയിച്ചത്. പിന്നീട് ചൈൽഡ് പ്രവർത്തകരെത്തി കുട്ടികളിൽ നിന്നും മൊഴിയെടുത്തു. ചൈൽഡ് ലൈനും സ്കൂളിലെ പ്രധാന അധ്യാപകനും പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ മേപ്പയ്യൂർ പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.
പരാതി ഗൗരവമേറിയതാണെന്നും സ്കൂളിലെ കൂടുതൽ കുട്ടികൾ പീഡിപ്പിക്കപ്പെട്ടോ എന്നറിയാനായി കൗൺസിലിങ്ങ് നടത്തുമെന്നും ചൈൽഡ് ലൈൻ അറിയിച്ചു. പ്രതിക്കെതിരെ പോക്സോ പ്രകാരം കേസ്സെടുത്തതായി പൊലീസ് അറിയിച്ചു. എന്നാൽ അബ്ദുൾ റസാക്ക് ഹജ്ജിന് പോകുകയാണന്ന് കാണിച്ച് പതിനേഴാം തിയ്യതി മുതൽ അവധിയിലാണെന്നാണ് സ്കൂൾ അധികൃതർ നൽകുന്ന വിവരം.മലപ്പുറം ജില്ലയിലെ എളമരം സ്വദേശിയാണ് അബ്ദുൾ റസാക്ക്.
