തിരുവല്ല: മതിയായ സുരക്ഷാ മുൻകരുതലെടുക്കാതെ കീടനാശിനി തളിക്കുന്ന തൊഴിലാളികൾക്കുണ്ടാകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ. വ്രണപ്പെട്ട് തൊലി പോയ ശരീരവും പൊട്ടിയ ചുണ്ടുമൊക്കെയായാണ് തൊഴിലാളികൾ നെൽപ്പാടത്തേക്കിറങ്ങുന്നത്. സുരക്ഷ നിര്‍ദ്ദേശങ്ങൾ പാലിക്കാതെ ഗുണനിലവാരം കുറഞ്ഞ മാസ്കും കോട്ടും ധരിച്ച് കീടനാശിനി തളിക്കുന്നതാണ് ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്നത്. 

25 വര്‍ഷമായി തിരുവല്ലയിൽ നെൽകൃഷിയ്ക്ക് കീടനാശിനി അടിക്കുന്ന സാംകുട്ടിയുടെ ദേഹത്ത് കീടനാശിനി വീണ് മുതുകിലെ തൊലി മുഴുവൻ പോയി. കോട്ട് ധരിച്ചാലും മുതുകിൽ തൂക്കുന്ന ടാങ്കിൽ നിന്ന് ലീക്ക് ചെയ്യുന്ന കീടനാശിനി തൊഴിലാളികളുടെ ദേഹത്തേക്ക് ഒലിച്ചിറങ്ങും. ഇതേ ശരീരവുമായാണ് സാം കുട്ടി വീണ്ടും നെൽപ്പാടത്തേക്കിറങ്ങുന്നത്. ഇത് സ്ഥിതി കൂടുതൽ ഗുരുതരമാക്കും. കീടനാശിനി പ്രയോഗം മൂലം ചുണ്ട് തടിച്ച് പൊട്ടിയാണ് ജസ്റ്റിന്‍റെ ജോലി. 

മാസ്കും കോട്ടും നിര്‍ബന്ധമായും ധരിക്കണമെന്ന കൃഷി വകുപ്പിന്‍റെ നിര്‍ദ്ദേശം പാലിക്കാതെ നെൽപ്പാടത്തേക്കിറങ്ങുന്നവരുമുണ്ട്. സബ്‍സിഡി നിരക്കിൽ ഇവ രണ്ടും ലഭ്യമാണെന്ന് കൃഷി വകുപ്പ് പറയുമ്പോഴും അറിവില്ലാത്തതിനാൽ ഗുണനിലവാരം കുറഞ്ഞവ വാങ്ങിയാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. പണിക്കൂലി കൂടുതൽ കിട്ടാൻ നിഷ്കര്‍ഷിച്ച സമയത്തിൽ കൂടുതൽ ജോലി ചെയ്യുന്നതും ആരോഗ്യ പ്രശ്‍നങ്ങൾ ക്ഷണിച്ച് വരുത്താനിടയാക്കുന്നുണ്ട്.