ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെയും മഹാരാഷ്ട്രയിലെയും ലോക്സഭ മണ്ഡലങ്ങളിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ വ്യാപകക്രമക്കേട് നടന്നെന്ന് പ്രതിപക്ഷം ആരോപിച്ചു.
ദില്ലി: ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെയും മഹാരാഷ്ട്രയിലെയും ലോക്സഭ മണ്ഡലങ്ങളിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ വ്യാപകക്രമക്കേട് നടന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. വോട്ടിങ് യന്ത്രം തകരാറിലായ ബൂത്തുകളിൽ വോട്ടെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൊടും ചൂടാണ് തകരാറിന് കാരണമെന്ന് കമ്മീഷന്‍റെ വിശദീകരണം വിവാദമായി. ഒടുവിൽ വിവരം ലഭിക്കുമ്പോള്‍ കൈരാനയിൽ 44ശതമാനവും പാൽഗറിൽ 30ും ഭണ്ഡാരഗോണ്ടിയയിൽ 28 ശതമാനവും പേർ വോട്ട് രേഖപ്പെടുത്തി.
മഹാരാഷട്രയിലെ പൽഗർ, ഭണ്ഡാരഗോണ്ടിയ ഉത്തർപ്രദേശിലെ കൈരാന, നാഗാലാന്‍റ് എന്നീ ലോക്സഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ചെങ്ങന്നൂരിന് പുറമെ രാജ്യത്തെ 9 സംസ്ഥാനങ്ങളിലായി 10 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായി. ഈ മാസം 31നാണ് എല്ലാ മണ്ഡലങ്ങളിലും വോട്ടെണ്ണൽ. ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഐക്യത്തോടെ മത്സരിക്കുന്ന കൈരാന ലോക്സഭ് മണ്ഡലത്തിൽ 175 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ തകരാറായതിനെത്തുടർന്ന് പകരം യന്ത്രങ്ങൾ എത്തിച്ചാണ് വോട്ടെടുപ്പ് തുടർന്നത്. ഈ ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സമാജ്വാദി പാർട്ടിയും ആർഎൽഡിയും സംയുക്തമായി തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു.
നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ നൂർപുർ മണ്ഡലത്തിലെ 140 ബൂത്തുകളിലും വോട്ടങ് മെഷീൻ തകരാറിലായി. മഹാരാഷ്ട്രയിലെ പാൽഗർ, ഭണ്ഡാര ഗോണ്ടിയ ലോക്സഭമണ്ഡലങ്ങളിൽ 35 യന്ത്രങ്ങൾ തകരാറിലായി. വ്യാപക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വിവിപാറ്റ് സംവിധാനത്തിൻറെ ഉൾപ്പടെ തകരാറുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരാജയമാണ് ചൂണ്ടിക്കാട്ടുന്നതെന്നും ശിവസേനയും എൻസിപിയും പ്രതികരിച്ചു. ആരോപണം തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ക്രമക്കേടും ഇല്ലെന്നും വോട്ടിംഗ് യന്ത്രങ്ങൾ മാറ്റി സ്ഥാപിക്കുന്നത് സാധാരണമാണെന്നും പ്രതികരിച്ചു. കൊടു ചൂടാണ് ചില യന്ത്രങ്ങൾ തകരാറിലാവാൻ കാരണമെന്ന കമ്മീഷന്‍റെ ആദ്യവിശദീകരണം വിവാദത്തിനിടയാക്കിയിട്ടുണ്ട്.
