മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ അനധികൃത കൈയേറ്റക്കാരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മഥുര എസ്പി ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. നാല്പതോളം പേര്‍ക്കു പരിക്കേറ്റു. വ്യാഴാഴ്ച രാത്രി മഥുര ജവഹര്‍ ബാഗിലെ അനധികൃത കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം. അലഹബാദ് ഹൈക്കോടതിയുടെ വിധിപ്രകാരമായിരുന്നു നടപടി.

ജവഹര്‍ ബാഗില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറിയ സ്വാധീന്‍ ഭാരത് ആന്ദോളന്‍ പ്രവര്‍ത്തകരെ ഒഴിപ്പിക്കാനുള്ള നടപടിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസിനുനേരെ മൂവായിരത്തോളം വരുന്ന പ്രവര്‍ത്തകര്‍ കല്ലേറിയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതിനിടെ മഥുര എസ് മുകുള്‍ ദ്വിവേദി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ വെടിയേറ്റു മരിക്കുകയായിരുന്നു. കൈയേറ്റക്കാര്‍ തോക്കും സ്‌ഫോടന വസ്തുക്കളും കരുതിയിരുന്നതായി പോലീസ് ഐജി എച്ച്.ആര്‍.ശര്‍മ പറഞ്ഞു. അക്രമത്തില്‍ പങ്കുള്ളതായി തെളിഞ്ഞ ഇരുനൂറിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൈയേറ്റക്കാരെ നേരിടുന്നതിനായി കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഘര്‍ഷത്തില്‍ മരിച്ച പോലീസുകാരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് യുപി സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. 

2014ലാണ് സ്വാധീന്‍ ഭാരത് ആന്ദോളന്‍ പ്രവര്‍ത്തകര്‍ നൂറിലധികം ഏക്കര്‍ സ്ഥലം കൈയേറി കുടില്‍ കെട്ടിയത്. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും തെരഞ്ഞെടുപ്പ് റദ്ദാക്കുക, ഇന്ത്യന്‍ കറന്‍സിക്ക് പകരം ആസാദ് ഹിന്ദ് ഫൗജ് ഉപയോഗിക്കുക, ഒരു രൂപയ്ക്ക് 40 ലീറ്റര്‍ പെട്രോളും 60 ലീറ്റര്‍ ഡീസലും നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ സ്ഥലം കൈയേറിയത്.