ലഖ്നൗ: ഉത്തർപ്രദേശിൽ അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും.കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ അമേഠി അടക്കം 51 മണ്ഡലങ്ങളാണ് അഞ്ചാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.അമേഠിയിലടക്കം സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസും എസ്.പിയും നേർക്ക് നേർ മത്സരിക്കുന്നു.

അഞ്ചാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കേണ്ട അലാപൂർ മണ്ഡലത്തിൽ എസ്.പി സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് ഈ മണ്ഡലത്തിൽ വോട്ടെടുപ്പ് മാർച്ച് 9ലേക്ക് മാറ്റി.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മേഖലയിൽ എസ്പി 32 സീറ്റുകളിൽ വിജയിച്ച് നേട്ടമുണ്ടാക്കിയിരുന്നു.

ഉത്തര്‍ പ്രദേശിൽ ബി.ജെ.പിക്ക് വിജയം ഉറപ്പെന്ന് അവകാശപ്പെട്ട് മോദിയുടെയും അമിത് ഷായുടെയും തിരഞ്ഞെടുപ്പ് പ്രചാരണം .കഴിഞ്ഞ നാലു ഘട്ടങ്ങളിൽ എന്തു സംഭവിച്ചെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ മുഖം കണ്ടാലറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹസിച്ചു . അഖിലേഷിനെയും രാഹുലിനെയും കൊണ്ട് യു.പിക്കാര്‍ പൊറുതി മുട്ടിയെന്നായിരുന്നു അമിത് ഷായുടെ പരിഹാസം

ഇത്തവണ നരേന്ദ്ര മോദി,അഖിലേഷ് യാദവ്,മായാവതി,രാഹുൽ ഗാന്ധി അടക്കം എത്തി ശക്തമായ പ്രചാരണമാണ് ഈ മണ്ഡലങ്ങളിൽ കാഴ്ച്ചവെച്ചത്.അതെ സമയം പ്രിയങ്ക ഗാന്ധി അമേഠിയിൽ പ്രചാരണത്തിന് എത്തിയിരുന്നില്ല.