ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയുടെ ഉരുളക്കിഴങ്ങുകള്‍ കൊണ്ടിട്ട് കര്‍ഷകരുടെ പ്രതിഷേധം. ഉരുളക്കിഴങ്ങിന് ന്യായമായ വില കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നിയമസഭയുടെ മുന്നിലും ഗവര്‍ണര്‍ രാം നായികിന്റെ വസതിക്ക് മുന്നിലും സമാനമായ പ്രതിഷേധങ്ങള്‍ അരങ്ങേറി.

ഒരു ക്വിന്റല്‍ ഉരുളക്കിഴങ്ങിന് മൂന്ന് മുതല്‍ നാല് രൂപ വരെ മാത്രമാണ് ലഭിക്കുന്നതെന്നും എന്നാല്‍ 10 രൂപയെങ്കിലും കിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. ട്രക്കില്‍ കൊണ്ടുവന്ന് ഉരുളക്കിഴങ്ങ് തട്ടുകയായിരുന്നു. എന്നാല്‍ അതീവ സുരക്ഷാ മേഖലയില്‍ ഉരുളക്കിഴങ്ങ് കൊണ്ടിടാന്‍ കാരണമായതിന് സുരക്ഷാചുമതലയുണ്ടായിരുന്ന അഞ്ച് പൊലീസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. നാല് കോണ്‍സ്റ്റബിള്‍മാര്‍ക്കും ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്കുമെതിരെയാണ് നടപടി. 

ഇരുട്ടിന്റെയും മഞ്ഞിന്റെയും മറപറ്റി കര്‍ഷകര്‍ കടക്കുകയും നൂറുകണക്കിന് ഉരുളക്കിഴങ്ങ് നിക്ഷേപിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോവുക കൂടി ചെയ്തതോടെ ഉരുളക്കിഴങ്ങ് ചതഞ്ഞരഞ്ഞു. ട്രക്കില്‍ ഉരുളക്കിഴങ്ങ് കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് പോലീസുകാരില്‍ ഒരാള്‍ കണ്ടുവെന്നും വാഹനത്തിന്റെ നമ്പര്‍ പിന്‍തുടര്‍ന്ന് അന്വേഷണം നടത്തുകയാണെന്നുമാണ് പൊലീസ് സൂപ്രണ്ട് അറിയിച്ചത്. ശുചീകരണ തൊഴിലാളികള്‍ ഏറെ പാടുപെട്ടാണ് റോഡ് വൃത്തിയാക്കിയത്.