ലക്നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ആഴ്ചയിലൊരിക്കല്‍ 'സ്കൂള്‍ ബാഗില്ലാത്ത ദിവസം' പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ സാധാരണ പോലെ ക്ലാസുകള്‍ നടക്കും. ശനിയാഴ്ച കുട്ടികളെല്ലാം സ്കൂളിലെത്തണമെങ്കിലും സ്കൂള്‍ ബാഗോ പുസ്തകങ്ങളോ മറ്റ് പഠനോപകരണങ്ങളോ കൊണ്ടു വരേണ്ടതില്ല. അന്ന് മുഴുവന്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളായിരിക്കും. ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

കുട്ടികളും അധ്യാപകരും തമ്മില്‍ ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കുന്നതിനും കുട്ടികളുടെ വ്യക്തിത്വ വികസനവും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. സര്‍ക്കാര്‍ സ്കൂളുകളിലെ കാക്കി യൂണിഫോം മാറ്റാന്‍ നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചിരുന്നു. 2012ല്‍ സമാജ്‍വാദി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ നടപ്പാക്കിയ കാക്കി യൂണിഫോം ഹോം ഗാര്‍ഡുകളുടെയും പൊലീസുകാരുടെയും പോലുള്ള വസ്ത്രമാണെന്നും ഇത് മാറ്റണമെന്നുമാണ് യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചത്. ഈ അധ്യയന വര്‍ഷം മുതല്‍ പിങ്ക്, വെള്ള നിറങ്ങളിലുള്ള ചെക്ക് ഷര്‍ട്ടും ബ്രൗണ്‍ നിറത്തിലുള്ള പാന്റ്സുമാണ് പുതിയ വേഷം. പെണ്‍കുട്ടികള്‍ക്കും സമാന നിറത്തിലുള്ള യൂണിഫോമാണ്.