ആകെ 178 യൂണിറ്റ് വൈദ്യുതിയാണ് ബാസിത്ത് ഈ മാസം ഉപയോഗിച്ചിരിക്കുന്നത്. ഇതിനാണ് കോടികളുടെ ബില്ല് വന്നിരിക്കുന്നത്. ഇതില്‍ എന്തെങ്കിലും പിശക് വന്നതാകാനേ സാധ്യതയുള്ളൂവെന്നും ഇയാള്‍ പറയുന്നു

കനൗജ്: അസാധാരണമായ ഒരു കറന്റ് ബില്ല് കൈപ്പറ്റിയതിന്റെ ഷോക്കിലാണ് ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശിയായ അബ്ദുള്‍ ബാസിത്ത്. എല്ലാ മാസത്തെയും പോലെയാണ് ഇക്കുറിയും കറന്റ് ബില്ല് വന്നത്. എന്നാല്‍ ബില്ലിലെ തുക കണ്ട് അമ്പരന്ന് കണ്ണ് തള്ളിപ്പോയെന്ന് ബാസിത്ത്.

23 കോടി രൂപയുടെ ബില്ലാണ് വൈദ്യുതവകുപ്പ് ബാസിത്തിന് അയച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 23,67,71,524 രൂപയുടെ ബില്ല്. വീട്ടാവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന വൈദ്യുതിയാണ്. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ബാസിത്ത് വീണ്ടും ഉറപ്പിച്ച് പറയുന്നു. 

ആകെ 178 യൂണിറ്റ് വൈദ്യുതിയാണ് ബാസിത്ത് ഈ മാസം ഉപയോഗിച്ചിരിക്കുന്നത്. ഇതിനാണ് കോടികളുടെ ബില്ല് വന്നിരിക്കുന്നത്. ഇതില്‍ എന്തെങ്കിലും പിശക് വന്നതാകാനേ സാധ്യതയുള്ളൂവെന്നും ഇയാള്‍ പറയുന്നു.

'ഇതിപ്പോള്‍ ആകെ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെയും കറന്റ് ബില്ല് എനിക്ക് വന്നതുപോലെയുണ്ട്. ഞാന്‍ ജോലി ചെയ്ത് മാന്യമായി ജീവിക്കുന്നയാളാണ്. എന്നുവച്ച് ഇത്രയും പണമടയ്ക്കാന്‍ എന്നെക്കൊണ്ടാവില്ല'- ബാസിത്ത് പറഞ്ഞു. 

അതേസമയം എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്‌നങ്ങളായിരിക്കുമെന്ന് പറഞ്ഞ് കൈകഴുകാനുള്ള ശ്രമത്തിലാണ് വൈദ്യുത വകുപ്പ്. ഇക്കാര്യം പരിശോധിക്കുമെന്നും പുതിയ റീഡിംഗ് എടുത്ത ശേഷം മാത്രം ബാസിത്ത് ബില്ലടച്ചാല്‍ മതിയെന്നുമാണ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഷദബ് അഹ്മദ് പറയുന്നത്.