പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ച് ദളിതർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ ശ്രമിച്ച ബിജെപി നേതാക്കൾ എത്തിയത് വിവാദത്തിൽ
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ച് ദളിതർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ ശ്രമിച്ച ബിജെപി നേതാക്കൾ എത്തിയത് വിവാദത്തിൽ. ദളിതരുടെ വീട്ടിൽനിന്നും ഭക്ഷണം കഴിച്ചതായി വരുത്തിതീർത്ത് ഉത്തർപ്രദേശ് മന്ത്രി വിവാദത്തിൽ അകപ്പെട്ടപ്പോൾ മറ്റൊരു മന്ത്രിയുടെ കണ്ടെത്തൽ ദളിതരുടെ വീട് സന്ദർശിക്കുന്നവർ ശ്രീരാമനെപ്പോലെയാണെന്നാണ്.
യുപി മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗാണ് തങ്ങൾ രാമനെപ്പോലെയാണെന്നും ദളിതരുടെ വീട് സന്ദർശിച്ച് അവരെ അനുഗ്രഹിക്കുമെന്നും പ്രസ്താവന നടത്തിയത്. ശബരിയുടെ അതിഥേയത്വം സ്വീകരിച്ച രാമനെപ്പോലെയാണ് ദളിത് ഭവനങ്ങളിലെ ബിജെപി നേതാക്കളുടെ സന്ദര്‍ശനം എന്ന് ബിജെപി മന്ത്രി പറഞ്ഞു. എന്നാൽ ബിജെപി എംപിയും ദളിത് നേതാവുമായ ഉദിത് രാജ് ഇതിനെ എതിർത്തു. ഇത്തരം പ്രസ്താവനകൾ ഈ വിഭാഗത്തെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് തങ്ങളുടെ വിലയിടിക്കുന്നതാണെന്നാണ് പുതിയ ദളിതർ കാണുന്നത്. ഇതിനെ താൻ ഒരിക്കലും പിന്തുണയ്ക്കില്ല. സവർണർ ദളിതരുടെ വീടുകളിലേക്ക് എത്തിയിട്ട് തങ്ങൾ താഴ്ന്ന വിഭാഗമാണെന്നും നിങ്ങളാണ് ഉയർന്നവരെന്നും പറയണമെന്ന് ഉദിത് രാജ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ദളിത് സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് ബിജെപി മന്ത്രിമാര്‍ ദളിത് ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതും ദളിതര്‍ പാചകം ചെയ്ത ആഹാരം കഴിക്കുന്നതും. നിരവധി ബിജെപി നേതാക്കള്‍ പരിപാടിയുടെ ഭഗാമാവുകയും വാര്‍ത്തകളിലിടം പിടിയ്ക്കുകയും ചെയ്തിരുന്നു.
