വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ബിജെപി. വെള്ളാപ്പള്ളി നടേശൻ തന്റെ സമുദായം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ എന്താണ് തെറ്റെന്നും അത് ചർച്ച ചെയ്യണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

തിരുവനന്തപുരം: എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ബിജെപി. വെള്ളാപ്പള്ളി നടേശൻ തന്റെ സമുദായം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ എന്താണ് തെറ്റെന്നും അത് ചർച്ച ചെയ്യണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കൂടാതെ, അമിത്ഷാ ജനുവരി 11ന് കേരളത്തിലെത്തുമെന്നും ബിജെപി പ്രചാരണത്തിന് തുടക്കമിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

140 സീറ്റിലും എൻഡിഎ മത്സരിക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 സീറ്റിലും എൻഡിഎ മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ. മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ഷോർട്ട് ലിസ്റ്റ് ഈ മാസം തന്നെ പുറത്തിറക്കുമെന്നും അദ്ദേ​ഹം വ്യക്തമാക്കി. അതേസമയം, മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ അന്തർധാര ഉണ്ടെന്നും അത് ചർച്ച ചെയ്യണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബംഗ്ലാദേശിൽ എന്ത് ചെയ്യുന്നു, എന്തു നടക്കുന്നു എന്ന് എല്ലാവർക്കും അറിയാം. ജമാഅത്തെ ഇസ്ലാമി നാടിൻ്റെ രാഷ്ട്രീയം തീരുമാനിക്കാൻ തുടങ്ങിയാൽ അത് എന്താകും എന്ന് ചോദിച്ച അദ്ദേ​ഹം കോൺഗ്രസ് ജമാഅത്ത് ഇസ്ലാമിയുടെ നിയന്ത്രണത്തിലാണോ എന്ന് സംശയമുണ്ടെന്നും പറഞ്ഞു.