ദളിതര്‍ക്കും അവരുടെ അവകാശങ്ങള്‍ക്കുമെതിരെയാണ് ബിജെപിയെന്ന് വ്യക്തമാക്കിയ സാവിത്രി ജനുവരി 23 ന് ലക്നൗവില്‍ മഹാറാലി സംഘടിപ്പിക്കുമെന്നും അറിയിച്ചു.
ലക്നൗ: ഉത്തര്‍പ്രദേശിലെ ബറൈച്ചില്‍നിന്നുള്ള ബിജെപി എം പി സാവിത്രിബായ് ഫൂലെ പാര്‍ട്ടി വിട്ടു. ബിജെപി സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടത്. ദളിതര്‍ക്കും അവരുടെ അവകാശങ്ങള്‍ക്കുമെതിരെയാണ് ബിജെപിയെന്ന് വ്യക്തമാക്കിയ സാവിത്രി ജനുവരി 23 ന് ലക്നൗവില്‍ മഹാറാലി സംഘടിപ്പിക്കുമെന്നും അറിയിച്ചു.
ഹനുമാന്‍ ദളിതനായിരുന്നുവെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് സാവിത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 'ഭഗവാന്‍ ഹനുമാന്‍ ദളിതനായിരുന്നു. എന്നാല്‍ അദ്ദേഹം ഭൂപ്രഭുക്കളുടെ(മനുവാദികളുടെ) അടിമയായിരുന്നു. അദ്ദേഹം ദളിതനും മനുഷ്യനുമായിരുന്നു. രാമന് വേണ്ടി അദ്ദേഹം എല്ലാം ചെയ്ത് കൊടുത്തു. എന്നിട്ട് എന്തിനാണ് അദ്ദേഹത്തിന് വാലും കരിപുരണ്ട മുഖവും നല്‍കിയത് ? എന്തിനാണ് അദ്ദേഹത്തെ കുരങ്ങനാക്കിയത് ?' സാവിത്രി ചോദിച്ചിരുന്നു.
തര്‍ക്കഭൂമിയായ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനും രാമന്റെ പ്രതിമ സ്ഥാപിക്കാനും ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ നീക്കങ്ങള്‍ തുടരുന്നതിനിടെ വിമതസ്വരവുമായി രംഗത്തെത്തിയിരുന്നു സാവിത്രി. തെരഞ്ഞെടുപ്പ് കാലത്ത് മറ്റ് വിഷയങ്ങള്‍ ഇല്ലാത്തതിനാലാണ് ബിജെപി ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് ഫൂലെ പറഞ്ഞു. രാജ്യത്തിന് ഒരു ക്ഷേത്രത്തിന്‍റെ അത്യവശ്യമില്ല. രാമ ക്ഷേത്രം ദളിതരുടെ തൊഴിലില്ലായ്മയും മറ്റ് പ്രശ്നങ്ങളും പരിഹരിക്കുമോ എന്നും അവര്‍ ചോദിച്ചു.
'തര്‍ക്കഭൂമിയായ അയോധ്യയില്‍ ഹൈക്കോടതി വിധിപ്രകാരം നടത്തിയ ഖനനത്തില്‍ കണ്ടെടുത്തത് ബുദ്ധദേവനുമായി ബന്ധപ്പെട്ട സാധനങ്ങളാണ്. ഭാരതം ബുദ്ധന്റെതായിരുന്നു. അതുകൊണ്ടുതന്നെ ബുദ്ധന്റെ പ്രതിമയാണ് അയോധ്യയില്‍ സ്ഥാപിക്കേണ്ടത്.'- സാവിത്രി പറഞ്ഞിരുന്നു.
മുമ്പും പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമതശബ്ദവുമായി പരസ്യമായി രംഗത്തെത്തിയ ആളാണ് സാവിത്രിബായ് ഫൂലെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദളിത് വിരുദ്ധരാണെന്നായിരുന്നു ഇവരുടെ വിവാദ പരാമര്‍ശം. ബിജെപി എംപിയാകും മുമ്പ് തന്നെ ദളിത് ആക്റ്റിവിസ്റ്റും സ്ത്രീവിമോചകയുമായിരുന്നു സാവിത്രി.
ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും ഭരണഘടന അനുശാസിക്കുന്നത് പ്രകാരം എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശമാണുള്ളതെന്നും ഭരണഘടന അനുസരിച്ച് മാത്രമേ ജീവിക്കാവൂയെന്നും ഇവര്‍ പ്രതികരിച്ചിരുന്നു.
