മുറാദാബാദ്: വിവാഹം കഴിച്ച ശേഷം ഭര്‍ത്താവിന്റെ പണവും ആഭരണവും കൈക്കലാക്കി മുങ്ങുന്ന യുവതിയെയും സംഘത്തെയും പൊലീസ് പിടികൂടി. യുവതിയുടെ ഭര്‍ത്താവ് തന്നെയായിരുന്നു വിവിധ സ്ഥലങ്ങളില്‍ വിവാഹ ആലോചനകള്‍ നടത്തിയതും പിന്നീട് വിവാഹം നടത്തിക്കൊടുത്തതും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പല സ്ഥലങ്ങളില്‍ നിന്ന് പരാതി ലഭിച്ചതോടെ മുറാദാബാദ് സ്വദേശിയായ പ്രീതി എന്ന യുവതിക്കെതിരെ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. 2015 സോനം കപൂര്‍ നായികയായി പുറത്തിറങ്ങിയ ഡോളി കി ഡോലി എന്ന ചിത്രം പ്രചോദനമായെടുത്താണ് തട്ടിപ്പിന് ഇറങ്ങിയതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ഭര്‍ത്താവ് തന്നെയാണ് ധനികരായ യുവാക്കളെ വിവാഹത്തിനായി കണ്ടെത്തുന്നത്. വിവാഹത്തിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം വരന്റെ പണവും ആഭരണങ്ങളും സൂത്രത്തില്‍ കൈക്കലാക്കിയ ശേഷം മുങ്ങും. ഭര്‍ത്താവിനൊപ്പം വലിയൊരു സംഘത്തിന്റെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്. 12 ലധികം പേരെ ഇവര്‍ കബളിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ മാനഹാനി ഭയന്ന് പലരും പരാതിപ്പെടാന്‍ തയ്യാറാവുന്നില്ലെന്നും പൊലീസ് പറയുന്നു.