ഉത്തര്‍പ്രദേശിലെ വ്യാവസായിക മേഖല ആകെ ആശങ്കയിലാണ്. ജീവനക്കാര്‍ ഉത്തരവ് ലംഘിച്ചാല്‍ കമ്പനി എങ്ങനെ ഉത്തരവാദികളാകുമെന്നാണ് കമ്പനികള്‍ ഉയര്‍ത്തുന്ന സംശയം

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പാര്‍ക്ക് പോലുള്ള പൊതുയിടങ്ങളില്‍ നിസ്കരിക്കുന്നത് വിലക്കി പൊലീസിന്‍റെ ഉത്തരവ്. തൊഴിലാളികള്‍ (ജീവനക്കാര്‍) വിലക്ക് ലംഘിച്ചാല്‍ അതിന്‍റെ ഉത്തരവാദിത്തം അതാത് കമ്പനികള്‍ക്ക് ആയിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

നോയിഡയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും കമ്പനികള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഐടി കമ്പനികള്‍ നിരവധിയുള്ള സെക്ടര്‍ 58ലും ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇതോടെ ഉത്തര്‍പ്രദേശിലെ വ്യാവസായിക മേഖല ആകെ ആശങ്കയിലാണ്. ജീവനക്കാര്‍ ഉത്തരവ് ലംഘിച്ചാല്‍ കമ്പനി എങ്ങനെ ഉത്തരവാദികളാകുമെന്നാണ് കമ്പനികള്‍ ഉയര്‍ത്തുന്ന സംശയം.

ഇതോടെ ഉത്തരവില്‍ വ്യക്തത തേടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാമുദായിക ഐക്യം തകരാതിരിക്കാനാണ് പുതിയ ഉത്തരവെന്നാണ് പൊലീസ് ഭാഷ്യം. പാര്‍ക്കുകളിലും മറ്റും ജീവനക്കാര്‍ നിസ്കരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇത് അവസാനിപ്പിച്ച് പള്ളികളിലോ തങ്ങളുടെ ഓഫീസ് പരിസരത്തോ നിസ്കരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, യുപിയിലെ മുസ്‍ലിമുകള്‍ക്കിടയില്‍ ഭീതി പരത്താനാണ് ഈ ഉത്തരവെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.