ഇന്നലെ കരസേന ജിതേന്ദ്ര മാലിക്കിനെ യു പി പൊലീസിന് കൈമാറി. എന്നാൽ മാലിക്ക് തന്നെയാണ് വെടിവച്ചതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ലഖ്നൗ: ബുലന്ദ്ഷഹർ അക്രമത്തിൽ അറസ്റ്റിലായ കരസേനാ ജവാൻ ജിതേന്ദ്ര മാലിക് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന് യുപി പോലീസ്. ചോദ്യം ചെയ്യലിനായി ജിതേന്ദ്ര മാലിക്കിനെ സയിനാ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ബുലന്ദ്ഷഹർ അക്രമത്തിൽ ഇൻസ്പെക്ടർ സുബോധ് കുമാർ സിംഗിനെ വെടിവച്ചത് കരസേനാ ജവാൻ ജിതേന്ദ്ര മാലിക്കാണെന്ന് സംശയമുണ്ട്.
ഇന്നലെ കരസേന ജിതേന്ദ്ര മാലിക്കിനെ യു പി പൊലീസിന് കൈമാറി. എന്നാൽ മാലിക്ക് തന്നെയാണ് വെടിവച്ചതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മാലിക് ജനക്കൂട്ടത്തിലുണ്ടായിരുന്നു എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാത്രമല്ല ജനക്കൂട്ടത്തെ രോഷാകുലരാക്കിയതിലും മാലിക്കിൻറെ ഇടപെടൽ ഉണ്ടായിരുന്നു.
പൊലീസിനെ മാലിക്ക് കല്ലെറിഞ്ഞതായും ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. ചോദ്യം ചെയ്യലിൽ വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കിനെക്കുറിച്ചും സൂചന കിട്ടും എന്നാണ് പോലീസ് കരുതുന്നത്. പ്രതിഷേധം കാണാൻ പോയതാണെന്നും അക്രമത്തിൽ പങ്കില്ലെന്നും മാലിക് പൊലീസിനോട് പറഞ്ഞു. വടക്കൻ കാശ്മീരിലെ സോപോറിൽ നിന്നാണ് മാലിക്കിനെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറിയത്. ബുലന്ദ് ഷഹറിൽ ഇപ്പോഴും കനത്ത പൊലീസ് കാവൽ തുടരുകയാണ്.
