ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ തുടക്കം മുതലുള്ള ആവേശം ആറാം ഘട്ടത്തിലും പ്രതിഫലിച്ചു. പല മണ്ഡലങ്ങളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായി. ബുദ്ധമതവിശ്വാസികള്‍ കൂടുതലുള്ള കുശിനഗര്‍, മാഫിയാതലവന്‍ മുക്താര്‍ അന്‍സാരി മല്‍സരിക്കുന്ന മൗ തുടങ്ങിയ ജില്ലകളിലാണ് കൂടുതല്‍ പോളിംഗദ് രേഖപ്പെടുത്തിയത്. 

അതേ സമയം അസംഗഡ്, ഗോരഖ്പൂര്‍ ജില്ലകളില്‍ പോളിംഗ് താരതമ്യേന മന്ദഗതിയിലാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 54 ശതമാനമായിരുന്നു ഇവിടെ ശരാശരി പോളിംഗ്. ഇത് ഇത്തവണ മറികടക്കാനാണ് സാധ്യത. ബിജെപി നേതാവ് യോഗി ആദിത്യനാഥ് ഗോരഖ്പൂര്‍ മണ്ഡലത്തില്‍ വോട്ടു ചെയ്തു. ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. 

മുക്താര്‍ അന്‍സാരി, മകന്‍ അബ്ബാസ് അന്‍സാരി, എസ്പി വിട്ട് ബിഎസ്പിയിലെത്തിയ അംബികാചൗധരി, ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സൂര്യപ്രതാപ് ഷാഹി, കോണ്‍ഗ്രസിന്റെ അഖിലേഷ് പ്രതാപ് സിംഗ് തുടങ്ങിയവരാണ് ഈ ഘട്ടത്തില്‍ മത്സരരംഗത്തുള്ള പ്രമുഖര്‍. ബിജെപിക്ക് അധികാരത്തില്‍ വരണമെങ്കില്‍ ഇന്നു വോട്ടെടുപ്പ് നടക്കുന്ന മേഖലയില്‍ ഭൂരിപക്ഷം സീറ്റുകളും നേടേണ്ടത് അനിവാര്യമാണ്.