കാണ്‍പുര്‍: ജമ്മു കശ്‌മീരില്‍ പൊലീസിനും സിആര്‍പിഎഫിനും നേരെ കല്ലെറിയുന്ന പ്രതിഷേധക്കാരെ നേരിടാന്‍ ഉത്തര്‍പ്രദേശില്‍നിന്ന് കല്ലേറു സേന വരുന്നു. ജന്‍ സേന എന്ന് പേരിട്ടിരിക്കുന്ന ഒരു വിഭാഗം ആളുകളാണ്, കല്ലെറിയുന്നവരെ കല്ലേറിലൂടെതന്നെ തിരിച്ചുനേരിടാന്‍ കശ്‌മീരിലേക്ക് പോകുന്നത്. കല്ലെറിയുന്നതില്‍ വൈദഗ്ദ്ധ്യം നേടിക്കൊണ്ടിരിക്കുന്ന സംഘം മെയ് ഏഴിന് കശ്മീരിലേക്ക് പോകും. കശ്‌മീരിലെ പൊലീസിനെയും സുരക്ഷാസേനയെയും സഹായിക്കുകയാണ് ഇവരുടെ ദൗത്യം. കാണ്‍പുരിലെ ബാല്‍യോഗി അരുണ്‍ പുരി ചൈതന്യ എന്ന സ്വാമിയുടെ നേതൃത്വത്തിലാണ് ജന്‍ സേന രൂപീകരിച്ചിരിക്കുന്നത്. കശ്‌മീരില്‍ കല്ലെറിയുന്ന പ്രതിഷേധക്കാരെ അതേനാണയത്തില്‍ തിരിച്ചടിക്കുകയാണ് ഇതിലൂടെ പൊലീസും സി ആര്‍ പി എഫും ലക്ഷ്യമിടുന്നത്. കല്ലേറുസേന കശ്‌മീരിലേക്ക് പോകുമ്പോള്‍, ഒപ്പം ഒരു ട്രക്ക് നിറയെ ഏറിയാനുള്ള കല്ലുകളും കശ്‌മീരിലേക്ക് കൊണ്ടുപോകും. നേരത്തെ കല്ലേറുകാരെ നേരിടാന്‍ കശ്‌മീര്‍ പൊലീസ് മദ്ധ്യപ്രദേശിലെ ആദിവാസി യുവാക്കളെ സമീപിച്ചിരുന്നു.

