പാമ്പുകടിയേറ്റ നിരവധിപ്പേരെ ചികിത്സിച്ച അനുഭവമുണ്ടെന്ന് അവകാശപ്പെട്ടിരുന്ന പാമ്പാട്ടി യുവതിയുടെ ശരീരം മുഴുവന്‍ ചാണകം കൊണ്ട് മൂടാന്‍ നിര്‍ദ്ദേശിച്ചു.
ലക്നൗ: പാമ്പ് കടിയേറ്റ യുവതിയെ ആശുപത്രിയില് കൊണ്ടുപോകുന്നതിന് പകരം ചാണകം കൊണ്ടുമൂടി ചികിത്സ. വിഷബാധയേറ്റ് മണിക്കൂറുകള്ക്ക് ശേഷം 35 കാരിയായ യുവതി മരണത്തിന് കീഴടങ്ങി. ഉത്തര്പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.
വീടിനടുത്തുള്ള വനത്തില് വിറക് ശേഖരിക്കാന് പോയിരുന്നപ്പോഴാണ് ദേവേന്ദ്രി എന്ന യുവതിക്ക് പാമ്പ് കടിയേറ്റത്. എന്നാല് അത് വകവെയ്ക്കാതെ അവര് നടന്നുതന്നെ വീട്ടിലെത്തി. ഭര്ത്താവിനോട് വിവരം പറഞ്ഞപ്പോള് ആശുപത്രിയില് കൊണ്ടുപോകുന്നതിന് പകരം സമീപത്തുള്ള പാമ്പാടിയുടെ അടുത്ത് കൊണ്ടുപോവുകയായിരുന്നു. പാമ്പുകടിയേറ്റ നിരവധിപ്പേരെ ചികിത്സിച്ച അനുഭവമുണ്ടെന്ന് അവകാശപ്പെട്ടിരുന്ന പാമ്പാട്ടി യുവതിയുടെ ശരീരം മുഴുവന് ചാണകം കൊണ്ട് മൂടാന് നിര്ദ്ദേശിച്ചു. തുടര്ന്ന് യുവതിയുടെ അടുത്ത് പോയിരുന്ന് ഏറെ നേരം മന്ത്രങ്ങള് ചൊല്ലുകയായിരുന്നു. ഇത് കഴിഞ്ഞപ്പോള് യുവതിയുടെ നില എന്താണെന്ന് ബന്ധുക്കള് അന്വേഷിച്ചു. തുടര്ന്ന് ചാണകം മാറ്റി ഇവരെ പുറത്തെടുക്കാന് പാമ്പാട്ടി നിര്ദ്ദേശിച്ചു.
എന്നാല് അപ്പോഴേക്കും യുവതി മരിച്ചിരുന്നു. മുഖം ഉള്പ്പെടെ ശരീരം മുഴുവന് ചാണകം കൊണ്ട് മൂടിയതിനാല് ശ്വാസം മുട്ടിയാണോ അതോ പാമ്പിന് വിഷം ശരീരത്തില് ബാധിച്ചിട്ടാണോ മരിച്ചതെന്ന കാര്യം വ്യക്തമല്ലെന്ന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
