കന്നഡ സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്ര ബിജെപിയിലേക്ക്

First Published 5, Mar 2018, 7:33 PM IST
upendra joining in bjp
Highlights
  • സ്വന്തം പാര്‍ട്ടിയിലെ അഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകയും സഹനേതാക്കള്‍ എതിരാവുകയും ചെയ്തതോടെയാണ് ഉപേന്ദ്ര പാര്‍ട്ടി തന്നെ പിരിച്ചുവിട്ടു കൊണ്ട് ബിജെപിയില്‍ ചേരുന്നതെന്നാണ് സൂചന

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ പ്രതിപക്ഷമായ ബിജെപിക്ക് ആവേശം നല്‍കി കൊണ്ട് കന്നഡ സിനിമാതാരം ഉപേന്ദ്ര ബിജെപിയിലേക്ക്. ഏതാനും മാസം മുന്‍പ് രൂപീകരിച്ച പ്രജാകീയ എന്ന സ്വന്തം പാര്‍ട്ടി പിരിച്ചു വിട്ടു കൊണ്ട് ഉപേന്ദ്ര ബിജെപിയില്‍ ചേരുമെന്നാണ് ബെംഗളൂരുവില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 

സ്വന്തം പാര്‍ട്ടിയിലെ അഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകയും സഹനേതാക്കള്‍ എതിരാവുകയും ചെയ്തതോടെയാണ് ഉപേന്ദ്ര പാര്‍ട്ടി തന്നെ പിരിച്ചുവിട്ടു കൊണ്ട് ബിജെപിയില്‍ ചേരുന്നതെന്നാണ് സൂചന. പാര്‍ട്ടിയെ സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം ചൊവ്വാഴ്ച്ചയുണ്ടാവുമെന്ന്  ഉപേന്ദ്ര ട്വീറ്റ് ചെയ്തിട്ടുണ്ട്. 

മാസങ്ങള്‍ക്ക് മുന്‍പാണ് ആം ആദ്മി ആശയങ്ങള്‍ മാതൃകയാക്കി ഉപേന്ദ്ര സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചത്. അഴിമതിക്കും കുടുംബരാഷ്ട്രീയത്തിനും എതിരാണ് താനെന്നായിരുന്നു പാര്‍ട്ടി രൂപീകരണ വേളയില്‍ ഉപേന്ദ്രയുടെ പ്രഖ്യാപനമെങ്കിലും പാര്‍ട്ടിയുണ്ടാക്കി അടുത്ത ദിവസം തന്റെ ഭാര്യയേയും സഹോദരനേയും പാര്‍ട്ടിയുടെ ഉന്നതപദവിയില്‍ ഉപേന്ദ്ര നിയമിച്ചത് അണികളെ നിരാശപ്പെടുത്തിയിരുന്നു. പിന്നാലെ പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ ഉപേന്ദ്രയുടെ ഏകാധിപത്യ സ്വഭാവത്തിനെതിരെ രംഗത്തു വരികയും ചെയ്തു. 

പാര്‍ട്ടിക്കുള്ളിലെ അഭ്യന്തരപ്രശ്‌നങ്ങള്‍ ഒരുതരത്തിലും നിയന്ത്രിക്കാനോ പരിഹരിക്കാനോ സാധിക്കില്ലെന്ന് ബോധ്യമായതോടെ സ്വന്തം പാര്‍ട്ടി തന്നെ കളഞ്ഞ് ഉപേന്ദ്ര ബിജെപിയിലേക്ക് പോവുകയാണെന്നാണ് കന്നഡ മാധ്യമങ്ങള്‍ രിപ്പോര്‍ട്ട് ചെയ്യുന്നത്.
 

loader