യുപിഎസ്‌സി പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല മനംനൊന്ത്‌ യുവാവ്‌ ആത്മഹത്യ ചെയ്‌തു

ദില്ലി: യുപിഎസ്‌സി പരീക്ഷ എഴുതാന്‍ സാധിക്കാത്തതില്‍ മനംനൊന്ത്‌ യുവാവ്‌ ആത്മഹത്യ ചെയ്‌തു. വൈകിയെത്തിയതിനെ തുടര്‍ന്ന്‌ പരീക്ഷ എഴുതാന്‍ അധികൃതര്‍ സമ്മതിച്ചില്ല. ദില്ലിയിലാണ്‌ സംഭവം. കര്‍ണാടക സ്വദേശിയായ വരുണ്‍ ചന്ദ്ര എന്ന യുവാവാണ്‌ ആത്മഹത്യ ചെയ്‌തത്‌.

വാടകവീട്ടില്‍ നിന്നുമാണ്‌ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. കഴിഞ്ഞ ഒരു വര്‍ഷമായി ദില്ലിയിലെ രാജേന്ദ്ര നഗറില്‍ വരുണ്‍ താമസിച്ച്‌ വരികയായിരുന്നു. മൃതദേഹത്തില്‍ നിന്ന്‌ ആത്മഹത്യ കുറിപ്പ്‌ പൊലീസ്‌ കണ്ടെടുത്തു.

പരീക്ഷ എഴുതാത്തതില്‍ സങ്കടമുണ്ട്‌. നിയമങ്ങളെല്ലാം നല്ലത്‌ തന്നെ. പക്ഷേ, ചിലസമയങ്ങളില്‍ അത്‌ വളരെയധികം വേദനിപ്പിക്കും. ആത്മഹത്യ കുറിപ്പില്‍ യുവാവ്‌ ഇങ്ങനെ കുറിച്ചിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.

സുഹൃത്താണ്‌ വരുണ്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വാതില്‍ തട്ടി നോക്കിയപ്പോള്‍ തുറക്കാത്തതിനെ തുടര്‍ന്ന്‌ അയല്‍വാസികള്‍ വാതില്‍ തല്ലിപൊളിക്കുകയായിരുന്നു. തുടര്‍ന്ന്‌ പൊലീസില്‍ വിവരം അറിയിച്ചു. പോസ്‌മോര്‍ട്ടം കഴിഞ്ഞ്‌ മൃതദേഹം ദില്ലിയിലെ സഹോദരിയ്‌ക്ക്‌ കൈമാറി.